തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ ഇന്നും പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. പോലീസുമായി ഉന്തും തള്ളും ഉണ്ടായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയിലും കൊച്ചിയിലും പ്രതിപക്ഷ മാർച്ചുകളിൽ സംഘർഷം ഉണ്ടായി.
തിരുവനന്തപുരം പിഎംജിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോകവെ ഒരാളെ കരുതൽ കസ്റ്റഡിയിലും രണ്ട് പേരെ കരിങ്കൊടി കാണിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തത്. ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യാൻ മാസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രതിഷേധം. കൊച്ചിയില്‍ മഹിളാ മോര്‍ച്ച നടത്തിയ മാര്‍ച്ചിലും ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി.
കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തുതള്ളുമുണ്ടാക്കി. പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ അറസ്റ്റിന് വഴങ്ങി. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതീകാത്മകമായി ഉണ്ടാക്കിയ അധികാര കസേരയില്‍ പ്രവര്‍ത്തകര്‍ ചെരുപ്പ് മാല അണിയിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് സിന്ധുമോള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ രചന, ബാനു ട്രാൻസ്ജെൻഡര്‍ അവന്തിക എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.