തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി , പ്രേംരാജ് എന്നിവർക്കാണ് ചുമതല. സംഘടന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിർദേശിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയം എന്നു ആരോപിച്ചു നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
കെഎസ്‍യു – മഹിളാ കോണ്‍ഗ്രസ് പുനസംഘടനയില്‍ കോൺഗ്രസ്സിൽ കടുത്ത ഭിന്നത. മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പട്ടികയിൽ ഹൈക്കമാന്‍റിനെ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍ . കെഎസ് യു പട്ടികയിൽ കെ.സി വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും മുൻതൂക്കമെന്നാണ് ആക്ഷേപം. ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വിടി ബല്‍റാമും കെ.ജയന്തും കെഎ സ് യുവിൻറെ ചുമതല ഒഴിഞ്ഞു.
സംസ്ഥാന ഭാരവാഹികളായി പ്രഖ്യാപിക്കാന്‍ കേരളത്തില്‍നിന്ന് സമര്‍പ്പിച്ചത് 42 പേരുടെ പട്ടിക. ദേശീയനേതൃത്വം പ്രഖ്യാപിച്ചത് 101 അംഗങ്ങളെ. അതിൽ തന്നെ വിവാഹം കഴിഞ്ഞവർ 4 പേർ. നിലവിലെ രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ക്ക് പുറമെ നാലുപേരെക്കൂടി ഉപാധ്യക്ഷന്മാരാക്കി. രണ്ട് ഐ ഗ്രൂപ്പും ഓരോ ഭാരവാഹികള്‍ വീതം എ ഗ്രൂപ്പിനും കെസി വേണുഗോപാല്‍ പക്ഷത്തിനും. മുപ്പത് ജനറല്‍സെക്രട്ടറിമാരില്‍ പത്തുപേര്‍ എഗ്രൂപ്പില്‍നിന്നാണ്. . അഞ്ചുപേര്‍ ജനറല്‍സെക്രട്ടറിമാരായത് കെ.സുധാകരന്‍റെയും നാലുപേര്‍ വിഡി സതീശന്‍റെയും പിന്തുണയിലാണ്. ജില്ല അധ്യക്ഷന്മാരില്‍ ഏഴുപേര്‍ എ ഗ്രൂപ്പുകാരാണ്. തിരുവന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകള്‍ കെസി വേണുഗോപാല്‍ പക്ഷം പിടിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സുധാകരന്‍ പക്ഷങ്ങള്‍ക്ക് ഓരോ ജില്ലകളാണ് ലഭിച്ചത്. പട്ടികയില്‍ വ്യാപകമായ അഴിച്ചുപണി ഡല്‍ഹിയില്‍ നടന്നുവെന്നാണ് പരാതി. കേന്ദ്രനേതൃത്വത്തെ കെപിസിസി അധ്യക്ഷന്‍ പരാതി അറിയിച്ചു. പുനസംഘടനാ ചുമതലയുണ്ടായിരുന്ന കെപിസിസി ഭാരവാഹികളായ വിടി ബല്‍റാമും കെ ജയന്തും ചുമതല ഒഴിയുന്നതായും അറിയിച്ചു.