പാലക്കാട് : ഷൊര്‍ണൂരില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ പരുത്തിപ്രയിലാണ് സംഭവം. ഷൊര്‍ണൂര്‍ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറിനെ ആള്‍ താമസമില്ലാതിരുന്ന ഭാര്യാ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുന്‍ സൈനികന്‍ കൂടിയായ ജിത്തുകുമാറിനെ ഇന്ന് രാവിലെയാണ് വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്.
ജിത്തു കുമാറിന്റെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോലും ടെന്‍ഷന്‍ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാന്‍ വയ്യെന്നും എഴുതിയിട്ടുണ്ട്. ഓരോ കാര്യത്തിനും എത്തുന്നവര്‍ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടല്‍ നേരിടുകയാണെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.