ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട്ഹര്‍ജി ഫയല്‍ ചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സംസ്ഥാനത്ത് ഗവര്‍ണറുടെ ഇടപെടലും നിലപാടുകളും ന്യായീകരണമില്ലാത്തതാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന പഠിച്ച് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമാണ് ഗവർണർ. സ്ഥാനങ്ങളിലെ ഗവർണർ പദവി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിതെന്നും സ്വതന്ത്ര ഇന്ത്യയിൽ ഗവർണർ പദവിയുടെ പ്രസക്തി എന്തെന്ന് ചിന്തിക്കണമെന്നും ഇക്കാര്യത്തില്‍ ചർച്ചകൾ ഉയരണമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി ടോംജോസ് ഗവര്‍ണറുമായി രാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തുകയും വിശദീകരണം നല്‍കുകയും ചെയ്തു.