സീതത്തോട് : സീതത്തോട് സർവീസ് സഹകരണബാങ്കിനെതിരേ ബി.ജെ.പി. സമരം കടുപ്പിക്കുന്നു. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളും അനധികൃത നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി സമരം തുടങ്ങിയത്. ബാങ്കിൽ രണ്ട് കോടിയിൽപ്പരം രൂപയുടെ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്നാണ് ബി.ജെ.പി.യുടെ ആരോപണം. പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയിട്ടുള്ള സമരം സംസ്ഥാന നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനയും പുറത്തുവന്നിട്ടുണ്ട്.
സി.പി.എം. നേതൃത്വത്തിലാണ് വർഷങ്ങളായി സീതത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ഭരണം നടക്കുന്നത്. സഹകരണ ബാങ്കിലെ ജീവനക്കാരുടെ ഇടയിൽ ഉടലെടുത്ത ഭിന്നതയാണ് ക്രമക്കേടുകൾ പുറത്തുവരാനിടയാക്കിയിട്ടുള്ളത്. അതേസമയം സാമ്പത്തിക തിരിമറി നടത്തിയതായി ബാങ്കിനെതിരേ ഉയർന്നുവന്നിട്ടുള്ള ആരോപണം സഹകാരികളെ ആശങ്കയിലാക്കി. ബി.ജെ.പി. സമരം ശക്തമാക്കിയിട്ടും സി.പി.എം. പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.