Thursday, April 17, 2025 9:51 pm

സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് ; സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടിന്റെ പേരില്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. വകുപ്പുതല എന്‍ക്വയറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.എ നിവാസ് ആണ് സെക്രട്ടറി കെ.യു ജോസിനെ സസ്പെന്‍ഡ് ചെയ്തത്. അതേ സമയം ക്രമക്കേട് നടന്ന കാലയളവില്‍ താന്‍ ബാങ്ക് സെക്രട്ടറി ആയിരുന്നില്ലെന്നും ഒരു പാട് പേര്‍ ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടി വെയ്ക്കുകയാണെന്നും സെക്രട്ടറി പറയുന്നു.

2013 മുതല്‍ 18 വരെയുള്ള കാലയളവില്‍ ബാങ്കില്‍ 1.63 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ സിപിഎം ഏരിയാ കമ്മറ്റിയംഗവും സീതത്തോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ പി.ആര്‍ പ്രമോദിന്റെ പിതാവ് പി.എന്‍. രവീന്ദ്രന്‍ ആയിരുന്നു അന്ന് ബാങ്ക് പ്രസിഡന്റ്. സെക്രട്ടറി സുഭാഷ് എന്നയാളായിരുന്നു. കെയു ജനീഷ് കുമാര്‍ എംഎല്‍എ ഈ കാലയളവില്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുകയുമായിരുന്നു. 2019 ജൂണില്‍ സെക്രട്ടറി സുഭാഷ് വിരമിച്ച ഒഴിവിലാണ് കെ.യു ജോസ് സെക്രട്ടറിയായത്. തന്റെ ഭരണ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതു വരെ പുറത്തു വന്നിട്ടില്ലെന്നും ക്രമക്കേട് ഒന്നും ഉണ്ടായിട്ടില്ലെന്നും ജോസ് പറയുന്നു. ക്രമക്കേട് നടന്ന കാലയളവില്‍ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന സുഭാഷിനും രവീന്ദ്രനുമാണ് എല്ലാ ഉത്തരവാദിത്തവും. അവര്‍ക്കൊപ്പം ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഈ തട്ടിപ്പില്‍ പങ്കുണ്ട്. എല്ലാം തന്റെ പേരിലാക്കി ബാക്കിയുള്ളവര്‍ രക്ഷപെടാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. വകുപ്പു തല അന്വേഷണത്തില്‍ തന്റെ ഭാഗം വിശദീകരിക്കും. പോലീസ് കേസെടുത്തതായി അറിവില്ലെന്നും ജോസ് പറയുന്നു.

ജോസ് അസിസ്റ്റന്റ് സെക്രട്ടറി, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ മുന്‍ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. ആറു കോടിയോളം രൂപയുടെ ക്രമക്കേടാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. ഇതിനെതിരേ സമരത്തിന് ഇറങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ സിപിഎമ്മിന്റെ ചില നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങി പിന്മാറി. ബിജെപിയാണ് ആദ്യം ഇറങ്ങിയത്. ശക്തമായ സമരം തുടര്‍ന്നതിന് പിന്നാലെ ഇവരുമായി രഹസ്യ ചര്‍ച്ച നടന്നു. ബിജെപിക്ക് ഇപ്പോള്‍ അനക്കമില്ല. കോണ്‍ഗ്രസുകാര്‍ സമരം തുടരുന്നുവെങ്കിലും ശക്തമല്ല.

സീതത്തോട് സര്‍വീസ് സഹകരണ ബാങ്കില്‍ അവസാനത്തെ രണ്ടു സാമ്പത്തിക വര്‍ഷം ഓഡിറ്റിങ് നടന്നിട്ടില്ല. ഏറ്റവും ഒടുവിലായി പുറത്തു വന്ന 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള നഷ്ടം 2,16,52,409.33 രൂപയാണ്. കെയു ജനീഷ് കുമാര്‍ എംഎല്‍എ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവരുടെ തട്ടകമായ ഈ സഹകരണ ബാങ്കില്‍ നടന്ന തിരിമറിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ബാങ്ക് സെക്രട്ടറിയുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. അവസാനമായി ഓഡിറ്റ് നടന്ന വര്‍ഷത്തെ മാത്രം കണക്കാണ് 2.16 കോടിയെന്നത്. 2019-20, 20-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇനി പുറത്തു വരാനുണ്ട്. അതു കൂടിയാകുന്നതോടെ ബാങ്കിന്റെ തകര്‍ച്ച പൂര്‍ണമാകും. ആകെ 20 കോടിക്ക് അടുത്തു നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ബാങ്കിന്റെ നിലനില്‍പ്പ്  തന്നെ ഭീഷണിയിലാണ്. ചട്ടവിരുദ്ധമായി തസ്തിക സൃഷ്ടിച്ചതിലൂടെയും ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിലൂടെയും കൂടുതല്‍ തുക ശമ്പള ഇനത്തില്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. മറ്റു ബാങ്കുകളിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോകുന്ന തുക ജീവനക്കാര്‍ തന്നെ വസൂലാക്കി പണം നഷ്ടം വന്നുവെന്ന് കാണിക്കും. ബാങ്കിലെ നിക്ഷേപകരുടെ തുക സസ്‌പെന്‍സ് അക്കൗണ്ടിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പതിവുമുണ്ട്.

ഓഡിറ്റ് റിപ്പോര്‍ട്ട് പൊതുയോഗം ചേര്‍ന്ന് അംഗീകരിക്കാതെ ബാങ്ക് ഭരണ സമിതിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കാതെയാണ് ഇപ്പോഴത്തെ ഭരണ സമിതി രണ്ടു വര്‍ഷമായി തുടരുന്നത്. കോടികളുടെ വെട്ടിപ്പും ക്രമവിരുദ്ധ നിയമനങ്ങളും നടന്ന ഇവിടേക്ക് സഹകരണ വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തിന് ചെല്ലാന്‍ പാടില്ലെന്നാണ് അലിഖിത നിയമം. ഈ നിയമം മറികടന്ന് ചെന്നാല്‍ സ്ഥലം മാറ്റം ഉറപ്പ്. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്താനും ജീവനക്കാര്‍ക്ക് മടിയില്ല. ജനീഷ് കുമാര്‍ എംഎല്‍എയുടെ ഭാര്യ അനുമോള്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ എന്നിവരെ ചട്ടം മറികടന്ന് നിയമിച്ചുവെന്നതാണ് പ്രധാന ആക്ഷേപം. നിയമനം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ അനുമോള്‍ രാജി വെച്ചിരുന്നു.

ബാങ്കില്‍ നടന്ന പ്യൂണ്‍ നിയമനത്തിലെ അഴിമതി സംബന്ധിച്ച്‌ സീതത്തോട് മാലത്തറയില്‍ ശ്യാമള ഉദയഭാനു വിജിലന്‍സിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും പരാതി നല്‍കുന്നതോടെയാണ് ഉദ്യോഗസ്ഥരും ബാങ്ക് ഭരണ സമിതിയും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത്. 2017 ഫെബ്രുവരി 15 ന് ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. പരാതിയുടെ പകര്‍പ്പ് റാന്നി അസി. രജിസ്ട്രാര്‍ (എ.ആര്‍) ഓഫീസില്‍ എത്തിച്ചേരുകയും അവിടെ നിന്ന് വടശേരിക്കര യൂണിറ്റ് ഇന്‍സ്പെക്ടറെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു.

സഹകരണ നിയമം അനുസരിച്ച്‌ പ്യൂണ്‍ നിയമനത്തിന് ഏഴാം ക്ലാസ് പാസായിരിക്കുകയും ഡിഗ്രി ഉണ്ടാകാന്‍ പാടില്ലാത്തതുമാണ്. ഈ തസ്തികയിലേക്ക് ജനീഷിന്റെ ഭാര്യ സി.എ അനുമോളെ നിയമിച്ചു. അനുമോള്‍ക്ക് ഡിഗ്രി മാത്രമല്ല, എംബിഎയും ഉണ്ടായിരുന്നു. നിയമനം തങ്ങള്‍ക്ക് അനുകൂലമായി നടത്താന്‍ വേണ്ടി പത്രപ്പരസ്യവും ചട്ടം മറികടന്നാണ് നല്‍കിയത്.

ഇതു സംബന്ധിച്ച്‌ യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയുമായി ബാങ്ക് സഹകരിച്ചില്ല. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നല്‍കാന്‍ തയ്യാറായില്ല. അനുമോളുടെ നിയമനം സംബന്ധിച്ച്‌ മിനുട്സ് ബുക്കില്‍ തീരുമാനം ഉള്ളതല്ലാതെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബാഹ്യസമ്മര്‍ദം മൂലം ഇതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നില്ല. 2017 നവംബര്‍ നാലിന് നടന്ന ഫയല്‍ അദാലത്തില്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം വന്നു. അപ്പോഴാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. ഇത് അനുമോള്‍ക്കെതിരായിരുന്നു. പിന്നീട് അനുമോള്‍ രാജി വെച്ചതോടെ ഈ പ്രശ്നം ഒഴിവായി.

ജോബി ടി. ഈശോയെ നൈറ്റ് വാച്ചര്‍ തസ്തികയിലേക്ക് നിയമിച്ചതായിരുന്നു അടുത്ത പ്രശ്നം. സഹകരണ ബാങ്കുകളെ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ ക്ലാസിഫിക്കേഷന്‍ നടത്തി വേണം തസ്തിക തീരുമാനിക്കാന്‍. ഒന്നരക്കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം ക്ലാസ് അഞ്ചില്‍പ്പെട്ട സീതത്തോട് ബാങ്കില്‍ നൈറ്റ് വാച്ചര്‍ എന്നൊരു തസ്തിക ഇല്ല. എന്നാല്‍ ആങ്ങമൂഴി ബ്രാഞ്ചിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരു രാത്രികാല സെക്യൂരിറ്റി ജീവനക്കാരനെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭരണ സമിതി ആവശ്യപ്പെട്ടതിന്‍ പ്രകാരം ജോയിന്റ് രജിസ്ട്രാര്‍ അനുമതി നല്‍കിയിരുന്നു.

ഇത് വിമുക്തഭടന്‍ ആയിരിക്കണമെന്നും ദിവസ വേതന അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്നും നിഷ്‌കര്‍ഷിച്ചിരുന്നു. ഇതു മറികടന്നാണ് ജോബി ടി. ഈശോയെ നൈറ്റ് വാച്ചര്‍ തസ്തികയില്‍ നിയമിച്ചത്. ഇത് സ്ഥിരം നിയമനമാക്കി ഭരണ സമിതി തീരുമാനിക്കുകയും ചെയ്തു. ചട്ടം മറികടന്നുള്ള നിയമനമായതിനാല്‍ ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം നിയമനം റദ്ദ് ചെയ്തു. ഇതിനെതിരേ ജോബി ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങി. കേസില്‍ എതിര്‍ കക്ഷി പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറാണ്. ഇതു സംബന്ധിച്ച്‌ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് അഡ്വക്കേറ്റ് ജനറല്‍ ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടെങ്കിലും ഇവിടെ നിന്ന് നല്‍കുന്നതിന് പകരം റാന്നി എആര്‍ ഓഫീസിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന്‍ പ്രകാരം എആര്‍ റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

പാര്‍ട്ടിയുടെ ഭരണ നിയന്ത്രണമുള്ള ഈ ബാങ്കില്‍ അഴിമതിയും ക്രമക്കേടും നടത്തിയിട്ട് ഇതുമൂലമുണ്ടാകുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ചെല്ലുന്ന ഉദ്യോഗസ്ഥരെ പാര്‍ട്ടി വിരുദ്ധരായി ചിത്രീകരിച്ച്‌ സ്ഥലം മാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് എന്‍ജിഓ യൂണിയന്‍ റാന്നി ഏരിയാ പ്രസിഡന്റ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പരിശോധനയ്ക്ക് ചെല്ലുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ രേഖകള്‍ യഥാസമയം കൈമാറാന്‍ ഇവര്‍ തയ്യാറാകില്ല. ഓഡിറ്റുമായി ബന്ധപ്പെട്ട അഞ്ച് ഓഡിറ്റര്‍മാരെ ഇതിനോടകം സ്ഥലം മാറ്റി കഴിഞ്ഞു. കൂടാതെ എന്‍.ജി.ഓ യൂണിയന്‍ നിയമിച്ചിട്ടുള്ള ഇന്‍സ്പെക്ടര്‍മാരെ മാറ്റി പുതിയ ആള്‍ക്കാരെ വെച്ചു. ഇപ്പോള്‍ അഞ്ചാമത്തെ ഇന്‍സ്പെക്ടര്‍ ആണ് സീതത്തോട് ബാങ്ക് ഉള്‍പ്പെട്ട വടശേരിക്കര യൂണിറ്റില്‍ ജോലി ചെയ്യുന്നത്. മദ്യപിച്ച്‌ ഓഫീസില്‍ ചെന്ന ബാങ്ക് സെക്രട്ടറി ഓഡിറ്റര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും കത്തിലുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മതധ്രുവീകരണത്തിനുള്ള നീക്കത്തിന് സുപ്രീം കോടതി താത്കാലികമായി തടയിട്ടുവെന്ന് മന്ത്രി പി രാജീവ്

0
കൊച്ചി: മുനമ്പം പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി...

കാക്കനാട് ചിറ്റേത്തുകരയിൽ 12 പേർക്ക് ഭക്ഷ്യവിഷബാധ

0
കൊച്ചി: എറണാകുളം ജില്ലയിൽ കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ. 12 അന്യ സംസ്ഥാന...

ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

0
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി. തിരുവമ്പാടി...

ഓടുന്ന വാഹനത്തിന്‍റെ ഫോട്ടോയെടുത്ത്​ പിഴ ചുമത്തണ്ട ; ഉദ്യോഗസ്ഥർക്ക്​ മോട്ടോർ വാഹന വകുപ്പിന്‍റെ നർദേശം

0
തിരുവനന്തപുരം: ഓടിപ്പോകുന്ന വാഹനങ്ങളുടെ ചിത്രം പകർത്തി കൃത്യമായ രേഖകളില്ലാതെ പിഴ ചുമത്തുന്ന...