കോഴിക്കോട്: മുതിർന്ന ബിജെപി നേതാവ് അഹല്യ ശങ്കർ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ചയോടെയാണ് അന്ത്യം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ നിർവാഹക സമിതി അംഗം, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി, ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, മുൻ ദേശീയ വക്താവ് നൂപുർ ശർമ്മ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.
കോഴിക്കോട് നടന്ന ജനസംഘ സമ്മേളനത്തിലൂടെയാണ് അഹല്യ ശങ്കർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 1980ൽ മുംബൈയിൽ നടന്ന ബിജെപി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള വനിതാ പ്രതിനിധികളിൽ ഒരാളും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ ചേർന്ന രണ്ടാമത്തെ വനിതയുമായിരുന്നു അഹല്യ ശങ്കർ. നിരവധി കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. 1982-ലും 1987-ലും ബേപ്പൂരിൽ നിന്നും 1996-ൽ കൊയിലാണ്ടിയിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർ മത്സരിച്ചു. 1989-ലും 1991-ലും മഞ്ചേരിയിൽ നിന്നും 1997-ൽ പൊന്നാനിയിൽ നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2000ത്തിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻവാങ്ങി.