ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു. ഇദ്ദേഹം മാര്‍ച്ച് 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്നുള്ള നേതാവിന് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവിരം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ബസവരാജ് ഹൊരാട്ടി രാജി സ്വീകരിച്ചു.
കല്യാണ കര്‍ണാടക മേഖലയിലെ കോലി-കബാലിഗ സമുദായത്തിലെ പ്രമുഖ നേതാവാണ് ചിഞ്ചന്‍സൂര്‍. അദ്ദേഹം 2018ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരാജയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രധാന നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ രാജി ഭരണകക്ഷിക്ക് തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.