കോന്നി : പ്രവര്‍ത്തനം തുടങ്ങി 20 ദിവസങ്ങള്‍ തികയുന്നതിനുമുമ്പേ ആനകുത്തി വാഴത്തോപ്പിലെ പാറമടയില്‍ കോന്നി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങള്‍. പാറമടയുടെ പ്രവര്‍ത്തനം നടത്തുവാനുള്ള ബൈലോയില്‍ പറയുന്ന യതൊരു സംവിധാനങ്ങളും ഇവിടെ നടപ്പാക്കിയിട്ടില്ല. ദിവസവും ഒട്ടേറെ സ്ഫോടനങ്ങള്‍ നടക്കുന്ന പാറമടയുടെ ഖനന മേഖലയുടെ അതിര്‍ത്തിയില്‍ താത്കാലിക മതില്‍ നിര്‍മ്മിച്ചില്ല എന്നതാണ് ഗുരുതരമായ തെറ്റ്. പാറമടയില്‍ നിന്നും പുറത്തേക്ക് പാറ ഉത്പന്നങ്ങള്‍ കൊണ്ടുപോകുമ്പോള്‍ റോഡില്‍ നിറയുന്ന പൊടിപടലങ്ങള്‍ കുറയ്ക്കുവാന്‍ റോഡില്‍ വെള്ളം തളിക്കുവാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇതിനുപുറമേ ശബ്ദ മലിനീകരണം, വായു മലിനീകരണം, സ്ഫോടനം മൂലം വീടുകൾക്കുണ്ടാകുന്ന വിള്ളല്‍, ജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പാറമടയുടെ പ്രവര്‍ത്തനത്തിലെ ഗുരുതരമായ നിയമലംഘങ്ങളാണ്. ഇവയോരോന്നും ചൂണ്ടിക്കാട്ടിയാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുവാന്‍ കോന്നി ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടത്. ഐരവൺ വില്ലേജിലെ 196/1 സർവേ നമ്പരിൽ പ്രവർത്തനമാരംഭിച്ച പാറമടയ്ക്കെതിരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പരാതികളാണ് കോന്നി ഗ്രാമപഞ്ചായത്തിനുലഭിച്ചത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പാറമടയുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതായി അധികൃതര്‍ കണ്ടെത്തി.
പാറമടയുടെ പ്രവര്‍ത്തനം ജനജീവിതത്തിന് ഭീഷണിയായി മാറിയതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭ്യമാകുന്നതുവരെ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുവാന്‍ കോന്നി ഗ്രാമപഞ്ചായത്ത് ഉത്തരവിടുകയും ചെയ്തിരുന്നു. പഞ്ചായത്ത് ആക്ട് സെക്ഷൻ 233 (എ)., പാറമടയ്ക്കെതിരെ കഴിഞ്ഞ 29 ന് പഞ്ചായത്ത് കമ്മിറ്റിയെടുത്ത തീരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് പഞ്ചായത്ത് സെക്രട്ടറി ബി.മഞ്ജു പാറമട ഉടമയ്ക്ക് നിരോധന ഉത്തരവ് നൽകിയത്.





























