തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കഴിഞ്ഞാൽ ജയിൽ വകുപ്പ് അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത പ്രതിസന്ധി. കൂട്ടപരോളും ജാമ്യവും കഴിഞ്ഞ് തിരിച്ചെത്തുന്ന 1800ലേറെ തടവുകാരെയാണ് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടി വരിക. ഇതിനായി പ്രത്യേക ജയിലുകൾ സജ്ജീകരിക്കാനാണ് തീരുമാനം. കൊവിഡ്- 19 പടര്‍ന്നു പിടിച്ചപ്പോള്‍ ആശങ്കയിലായത് ജയിലുകളാണ്.
തടവുകാർ തിങ്ങിപ്പാർക്കുന്ന സെല്ലുകളിൽ പകർച്ച വ്യാധിയുടെ സാധ്യത മുന്നിൽ കണ്ടാണ് പരോളും ജാമ്യവും ഉദാരമാക്കിയത്. ഹൈക്കോടതി ഇടപെട്ട് വിചാരണ തടവുകാർക്ക് ഇടക്കാല ജാമ്യവും നൽകി. ഇതോടെ 1818 തടവുകാർക്കാണ് പുറത്തുപോകാൻ വഴിയൊരുങ്ങിയത്. മെയ് മൂന്നിന് ലോക് ഡൗണ്‍ കഴിഞ്ഞാൽ മൂന്നു ദിവസത്തിനുള്ളിൽ ജാമ്യം നൽകിയ 690 തടവുകാർ തിരികയെത്തണമെന്നാണ് കോടതി നിർദ്ദേശം. പിന്നാലെ 30 ദിവസത്തേക്ക് പരോള്‍ കിട്ടിയ 270 തടവുകാരും തിരികെയെത്തും.
പിന്നീട് ഓരോ ഘട്ടങ്ങളിൽ പുറത്തുപോയവർ തിരിച്ചെത്തും. പലരുമായി ഇടപഴകി വരുന്നവർക്ക് രോഗ സാധ്യത തള്ളിക്കളയാനാകില്ല. ഇതൊഴിവാക്കാനാണ് മൂന്ന് മേഖലകളിലായി അഞ്ച് പ്രത്യേക ജയിലുകൾ നിരീക്ഷണത്തിനുമാത്രമായി സജ്ജമാക്കിയത്. നിരീക്ഷണത്തിൽ കഴിയുന്നവരെ പരിചരിക്കാൻ ജയിൽ ജീവനക്കാർക്കും തെരഞ്ഞെടുത്ത തടവുകാർക്കും പരിശീലനം നൽകി. അതേസമയം വ്യാജമദ്യവും വാറ്റു ചാരായവും വിറ്റതിന് പിടികൂടുന്നവരുടെ എണ്ണം കൂടുന്നത് ജയിൽ വകുപ്പിന് മറ്റൊരു തലവേദനയാവുകയാണ്. ഇതുവരെ 800 പേരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്.