കൊൽക്കത്ത : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അധികൃതർ താത്ക്കാലികമായി അടച്ചുപൂട്ടി. ഫയർഫോഴ്സ്, മുൻസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്. നഗരത്തിലെ 3,700-ഓളം ഹോട്ടലുകളിലാണ് സംഘം പരിശോധന നടത്തിയത്. ഇതിൽ ആദ്യഘട്ടത്തിൽ പരിശോധിച്ച 960 ഹോട്ടലുകളിൽ 41 എണ്ണത്തിന് മാത്രമാണ് കൃത്യമായ അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത്. പരിശോധിച്ച ഭൂരിഭാഗം ഹോട്ടലുകളിലും അടിയന്തര ഘട്ടങ്ങളിൽ പുറത്തുകടക്കാനുള്ള എമർജൻസി എക്സിറ്റുകൾ പോലുമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആഗസ്റ്റ് 19-ന് കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് നഗരത്തിലെമ്പാടും പരിശോധന ശക്തമാക്കിയത്. അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ച സ്ഥാപനങ്ങൾക്ക് നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി അഗ്നിസുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുകയും പുതിയ സുരക്ഷാ സർട്ടിഫിക്കറ്റ് നേടുകയും ചെയ്താൽ മാത്രമേ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ. കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന മൂവായിരത്തഞ്ഞൂറിലധികം വരുന്ന ഹോട്ടലുകളിൽ നാലിലൊന്ന് സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ സംയുക്ത സംഘം പരിശോധന പൂർത്തിയാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിലും നഗരത്തിലെമ്പാടുമുള്ള ബാക്കി സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.






























