കിളിവയൽ : ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്നിശല്യം കാരണം കർഷകർക്ക് കൃഷി ചെയ്യാനും ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും ഉടനടി പരിഹാരം കാണുന്നതിന് ഗ്രാമസഭയിൽ പ്രമേയം അവതരിപ്പിച്ചു. കിളിവയൽ ആറാം വാർഡിൽ ചേർന്ന ഗ്രാമസഭയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ.ശൈലേന്ദ്രനാഥാണ് പ്രമേയം അവതരിപ്പിച്ചത്. കർഷകർ ലക്ഷക്കണക്കിന് രൂപ മുടക്കി ബാങ്കുകളിൽനിന്ന് വായ്പ എടുത്ത് കൃഷിചെയ്യുമ്പോൾ ഈ കൃഷികൾ എല്ലാം പന്നി നശിപ്പിക്കുകയാണ്. ഇത് കാരണം കർഷകർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും കൃഷി ചെയ്യാതെ കർഷകർ മാറി നിൽക്കുകയുമാണ്.
പന്നിശല്യം കാരണം ഇരുചക്ര വാഹനങ്ങൾ, കാൽനടയാത്രക്കാർ തുടങ്ങിയവർക്കും കൂടാതെ രാത്രിയിൽ വീടിന് വെളിയിൽ ആർക്കും ഇറങ്ങാൻ പറ്റാത്ത സാഹചര്യവുമാണ്. ഇതിന് പരിഹാരം കാണാൻ അടിയന്തിര
പ്രാധാന്യത്തോടുകൂടി നടപടികൾ എടുക്കണമെന്നും പ്രമേയത്തിൽ സൂചിപ്പിക്കുന്നു. കൂടാതെ ഗ്രാമസഭാ തീരുമാനവും പ്രമേയവും പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച് പാസാക്കുക, അതത് വാർഡുകളിലെ വലിയ കാടുകൾ വസ്തു ഉടമസ്ഥരെക്കൊണ്ട് വെട്ടിത്തെളിച്ച് വൃത്തിയാക്കുക, മാലിന്യങ്ങൾ പൊതുവിടങ്ങളിൽ നിക്ഷേപിക്കാതിരിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നും പ്രമേയത്തിൽ പറയുന്നു. പന്നിശല്യപ്രശ്നം പഞ്ചായത്ത് കമ്മിറ്റി കൂടി പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ ചർച്ച ചെയ്ത് ബന്ധപ്പെട്ട നടപടികൾ എടുക്കാമെന്ന് പഞ്ചായത്ത് അധികൃതർ ഗ്രാമസഭയിൽ ഉറപ്പും നൽകി.