റാന്നി : ദിവസവും നാട്ടുകാർ കുളിക്കുവാനും തുണി അലക്കുവാനും ഉപയോഗിക്കുന്ന വലിയ കലുങ്ക് – കാളപ്പാലം തോട്ടിൽ വെളുത്ത നിറത്തില്‍ ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകിയെത്തുന്നത് പ്രദേശവാസികളെ വലിയ ഭീതിയിലാക്കുന്നു. തോട്ടില്‍ രാസമാലിന്യങ്ങളോ റബ്ബര്‍ കറയോ കലര്‍ന്നിട്ടുണ്ടാകാം എന്നാണ് ജനങ്ങളുടെ സംശയം. കഴിഞ്ഞ ദിവസങ്ങളിൽ തെളിഞ്ഞ വെള്ളമൊഴുകിയിരുന്ന തോട് പെട്ടെന്നാണ് നിറം മാറി കറുപ്പും വെളുപ്പും കലർന്ന കലക്കവെള്ളമായി മാറിയത്. റബ്ബർ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നുള്ള കറയോ സമീപത്തുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ നിന്ന് മലിനജലം തോട്ടിലേക്ക് വൻതോതിൽ തള്ളിയതോ ആണ് ഇതിന് പിന്നിലെന്നാണ് സംശയം.
പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലേക്കും കുളങ്ങളിലേക്കും ഈ തോട് എത്തിച്ചേരുന്നതിനാൽ ഗുരുതരമായ രോഗങ്ങള്‍ പടരുവാന്‍ സാധ്യത ഏറെയാണ്. നിരവധി ആളുകള്‍ ഉപയോഗിക്കുന്ന നീർച്ചാലുകളെയും ശുദ്ധജല സ്രോതസ്സുകളെയും മലിനമാക്കുന്നവർ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും അടിയന്തിര പരിശോധന നടത്തണമെന്നും വെള്ളം പരിശോധനയ്ക്ക് വിധേയമാക്കി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.






























