ന്യൂയോര്‍ക്ക് : ലൈംഗികാതിക്രമക്കേസില്‍ ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് പിഴശിക്ഷ വിധിച്ച് യുഎസ് കോടതി. പരാതിക്കാരായ 40 സ്ത്രീകള്‍ക്ക് 1.68 ബില്യൺ ഡോളര്‍ (പതിനാലായിരം കോടി ഇന്ത്യന്‍ രൂപയോളം) നഷ്ടപരിഹാരം നല്‍കാനാണ് ന്യൂയോര്‍ക്ക് ജൂറി ശിക്ഷ വിധിച്ചത്. 2022-ല്‍ മാന്‍ഹാട്ടനില്‍ ഫയല്‍ ചെയ്ത ആദ്യ കേസിന്റെ തുടര്‍ച്ചയായാണ് നടപടി. 35 വര്‍ഷത്തിനിടെ 40-ഓളം സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ജയിംസ് ടൊബാക്കിനെതിരായ കേസ്. ലൈംഗികാതിക്രമത്തിന് പുറമേ, അന്യായമായി തടവില്‍വെക്കല്‍, മാനസിക പീഡനം എന്നീ വകുപ്പുകളും ടൊബാക്കിനെതിരെ ചുമത്തിയിരുന്നു.
സിനിമാ മേഖലയിലെ സ്വാധീനം ഉപയോഗിച്ച് യുവതികളെ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു കേസ്. തന്റെ മുന്നില്‍വെച്ച് വസ്ത്രമുരിയാനും സ്വയംഭോഗംചെയ്യാനും നിര്‍ബന്ധിക്കുന്ന ടൊബാക്, ഇത് ജോലിയുടെ ഭാഗമാണെന്ന് ഇരകളോട് പറയുമായിരുന്നു. ടൊബാകിന്റെ ആവശ്യം നിരസിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകളെ തടഞ്ഞ് ലൈംഗികവൈകൃതം പ്രകടിപ്പിക്കും. എതിര്‍പ്പ് മറികടന്ന് യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പരാതിപ്പെട്ടാല്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 1991-ല്‍ ഓസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട തിരക്കഥാകൃത്താണ് ടൊബാക്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ടൊബാക് നിഷേധിച്ചിരുന്നു. പരാതിക്കാരെ തനിക്ക് പരിചയമില്ലെന്ന് പറഞ്ഞാണ് ടൊബാക് ആരോപണം നിഷേധിച്ചത്. ആരോഗ്യകാരണങ്ങളാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ‘ജൈവികമായി അസാധ്യമാണെ’ന്നുമായിരുന്നു ടൊബാക്കിന്റെ വിശദീകരണം. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണ് ടൊബാക്കിന്റേ കേസിലേതെന്ന് പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ അവകാശപ്പെട്ടു. ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും എതിരായ വിധിയാണ് കേസിലുണ്ടായിരിക്കുന്നതെന്നും പരാതിക്കാരില്‍ ഒരാള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബ്രാഡ് ബെക്‌വേത്ത് അഭിപ്രായപ്പെട്ടു.