ന്യൂഡല്‍ഹി : വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഡല്‍ഹിയിലെ കരോള്‍ ബാഗിലാണ് സംഭവം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
ഡല്‍ഹിയിലെ ഗോള്‍ഡ്‌സ് വില്ല പേയിംഗ് ഗസ്റ്റ് ഹോസ്റ്റലിലാണ് അതിക്രമം നടന്നത്. പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും കുറച്ച് സമയത്തിന് ശേഷം ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ സുരക്ഷാ ജീവനക്കാരന്‍ ഒരു പെണ്‍കുട്ടിയെ കടന്നുപിടിച്ചിരിക്കുന്നതും ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ ജീവനക്കാരന് എതിരെ പരാതി നല്‍കിയിട്ടും ഹോസ്റ്റലിന്‍റെ ഉടമ നടപടിയെടുത്തില്ലെന്ന ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.