തൃശൂര്‍: ഓണാഘോഷ തര്‍ക്കത്തെ തുടര്‍ന്ന് കുന്നംകുളം ശ്രീ വിവേകാനന്ദ കോളജില്‍ എസ്എഫ്ഐ – എബിവിപി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. കോളജിന്റെ സ്റ്റേജിന് സമീപത്തായി എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പൂക്കളം ഇടുന്നതിനായുള്ള ഡിസൈന്‍ വരച്ചിരുന്നു. ഇതില്‍ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ കരി ഓയില്‍ ഒഴിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. തുടര്‍ന്ന് ഇന്നലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ വീണ്ടും ഇതേസ്ഥലത്ത് പൂക്കളത്തിനായി ഡിസൈന്‍ വരയ്ക്കാന്‍ ആരംഭിച്ചതോടെ എബിവിപി വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
കോളേജ് അധികൃതര്‍ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ നന്ദകുമാര്‍, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് എസ്എഫ്ഐ, എബിവിപി വിദ്യാര്‍ഥി നേതാക്കളുമായി പോലീസിന്‍റെ സാന്നിധ്യത്തില്‍ കോളജ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.





























