മലപ്പുറം : പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. എസ് ഡി പിഐ പ്രവര്‍ത്തകനും മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫിന്റെ ബന്ധുവുമായ നിലമ്പൂര്‍ സ്വദേശി സുനില്‍ ആണ് പിടിയില്‍ ആയത്. ഒളിവില്‍ പോയ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് സുനില്‍ ആണെന്ന് പോലീസ് പറയുന്നു. കേസില്‍ ഒളിവില്‍ പോയ ഫാസിലിന്റെയും ബന്ധു കൂടിയാണ് സുനില്‍.
പ്രതികള്‍ക്ക് ഇയാള്‍ കോയമ്പത്തൂരില്‍ പോയാണ് പണം നല്‍കിയത്. 1 ലക്ഷം രൂപയാണ് സുനില്‍ ഇവര്‍ക്ക് നല്‍കിയത്. 50000 രൂപ സംഘത്തില്‍പെട്ട അജ്മലിനും 50,000 രൂപ ഫാസില്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്കും അയച്ചു. പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന കൂടുതല്‍പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന്റെ ബന്ധുവും എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനുമാണ് സുനില്‍. ഷൈബിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന നിലമ്പൂരിലെ തുര്‍കിഷ് ബേക്കറി നടത്തുന്നത് സുനില്‍ ആണ്.