മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിലാണെന്നും വിഷയത്തിൽ പാർട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അതിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. പിണറായിസത്തിനെതിരെ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള ജനകീയ പ്രശ്നങ്ങള്‍ പരിഹാരമുണ്ടാക്കാൻ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഉണ്ടാകും. പിവി അൻവര്‍ വിഷയം തീര്‍ത്തുകഴിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു.
അതിൽ കൂടുതലൊന്നും ഇനി പറയാനില്ല. കേരള സര്‍ക്കാരിന്‍റെ പരാജയം യുഡിഎഫ് തുറന്നുകാണിക്കും. ആശാവര്‍ക്കര്‍മാരുടെ പ്രശ്നം, അഴിമതി, ലഹരിയുടെ പേരിലുള്ള അരാജകത്വം അങ്ങനെ കുറെ പ്രശ്നങ്ങള്‍ തുറന്നുകാണിക്കും. അതെല്ലാം കാണുമ്പോള്‍ ജനങ്ങള്‍ യുഡിഎഫിനെ പിന്തുണയ്ക്കും. നല്ല രീതിയിലാണ് യുഡിഎഫിന്‍റെ പ്രചാരണം മുന്നോട്ടുപോകുന്നത്. നന്നായി ജോലി ചെയ്ത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിന് ഫലമുണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.