ജവാനിലെ വില്ലനെ പ്രേക്ഷകർക്കു പരിചയപ്പെടുത്തി കിങ് ഖാൻ. വിജയ് സേതുപതിയുടെ ചിത്രം പങ്കു വെച്ച്, ‘മരണത്തിന്റെ വ്യാപാരി’ എന്ന തലക്കെട്ടോടെയാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഇന്നെവരെ കണ്ടിട്ടില്ലാത്ത ഭയപ്പെടുത്തുന്ന വില്ലൻ’ എന്നുകൂടി ഒപ്പം കുറിച്ചിട്ടുണ്ട്. ഷാരൂഖിനൊപ്പം ആദ്യമായാണ് വിജയസേതുപതി സ്ക്രീൻ പങ്കിടുന്നത്. ഇവരുടെ ആക്ഷൻ പാക്ക്ഡ് പെർഫോമൻസ് സ്‌ക്രീനിൽ കാണാൻ ഇനി കുറച്ചു നാളത്തെ കാത്തിരിപ്പുമതി.
ഷാരൂഖ് ഖാനും ആറ്റ്ലീയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ് ഖാനും നയൻതാരയും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാരും ഒരുമിക്കുന്നു എന്നതും ആകാംക്ഷ നിറയ്‌ക്കുന്ന മറ്റു ഘടകങ്ങൾ ആണ്. സെപ്റ്റംബർ 7ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരി ഖാൻ ജവാൻ തിയേറ്ററുകളിൽ എത്തിക്കും. പത്താന്റെ ബോക്സ് ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.