തൃശ്ശൂര്‍ : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് ഷഹാനയും പ്രണവും. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. ഇന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്ന് 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്.
സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരം മുഴുവന്‍ തളര്‍ന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. എട്ട് വര്‍ഷം മുമ്പാണ് പ്രണവിന് അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പില്‍ വെച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലില്‍ ഇടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രണവിന്‍റെ ശരീരം പൂര്‍ണമായും തളര്‍ന്നത്.