ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം തുടരുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഇന്ന് വീണ്ടും ചര്‍ച്ച തുടരും. സമരവേദി മാറ്റില്ലെന്ന നിലപാട് ഇന്നലെ തന്നെ പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ സഞജയ് ഹെഗ്ഡെ, സാധന രാമചന്ദ്രന്‍ എന്നിവര്‍ ഇന്നലെ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.
ഇന്നലെ ആദ്യഘട്ട ചര്‍ച്ച നടന്നിരുന്നു. റോഡ് സ്തംഭനം ഒഴിവാക്കി സമരം മുന്നോട്ടുകൊണ്ടുപോകണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവെച്ചത്. എന്നാല്‍ റോഡിന്റെ പകുതി ഭാഗം അടച്ച് പോലീസാണ് അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്നായിരുന്നു സമരക്കാരുടെ മറുപടി. സമരവേദി മാറ്റുകയില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ സമരം തുടരാനായിരുന്നു ചര്‍ച്ചക്ക് ശേഷമുള്ള സമരക്കാരുടെ തീരുമാനം.
ഒരാഴ്ചത്തെ സമയമാണ് സുപ്രീംകോടതി മധ്യസ്ഥസമിതിക്ക് അനുവദിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസവും തുടര്‍ച്ചയായി മധ്യസ്ഥസമിതി സമരക്കാരുമായി ചര്‍ച്ച നടത്തിയേക്കും. സമരവേദി മാറ്റാനാകുന്നില്ലെങ്കില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തി റോഡ് ഭാഗികമായി തുറക്കുന്ന കാര്യത്തില്‍ സമവായമുണ്ടാക്കാനാകും സമിതിയുടെ ശ്രമം. അക്കാര്യം സമിതി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും.