കൊച്ചി : നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ചക്ക് തയ്യാറായത്.
നടന്‍ ഷെയിന്‍ നിഗവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പുനരാരംഭിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. കരാര്‍ തുകയേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടാണ് ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിൽ നിന്ന് ഷെയ്ന്‍ പിന്‍മാറിയതെന്നായിരുന്നു നിര്‍മാതാക്കളുടെ ആരോപണം. എന്നാല്‍ ഉയര്‍ന്ന പ്രതിഫലം നല്‍കാതെ തന്നെ ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തില്‍ ഉപേക്ഷിച്ച രണ്ട് സിനിമകളും പുനരാരംഭിക്കാം എന്ന പ്രതീക്ഷയാണുള്ളത്.
ഇക്കാര്യത്തില്‍ ഷെയ്നിന്റെ സഹകരണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അമ്മ ഏറ്റെടുത്തേക്കും. അമ്മ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാമെന്ന് ഷെയ്ന്‍ സമ്മതപത്രം എഴുതി നല്‍കിയിട്ടുണ്ട്. രണ്ട് സിനിമകള്‍ മുടങ്ങിയതിന്റെ നഷ്ടം അവഗണിച്ച് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ. ഇന്ന് അമ്മയുമായുള്ള ചര്‍ച്ചക്ക് ശേഷം നാളെ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ നിര്‍വാഹക സമിതിയും വിഷയം ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.