മുംബൈ: പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നറിയിപ്പ് നല്‍കി. അനന്തരവന്‍ അജിത് പവാറിന്റെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പരിഗണിച്ച് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് എന്‍സിപി മേധാവിയുടെ മുന്നറിയിപ്പ് .നാളെ ആരെങ്കിലും പാര്‍ട്ടിയെ (എന്‍സിപി) തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് അവരുടെ തന്ത്രമാണ്. അവര്‍ അതെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. ഞങ്ങള്‍ എന്തെങ്കിലും നിലപാട് എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കും, ശരദ് പവാര്‍ വ്യക്തമാക്കി.
അതേസമയം 2024 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവുമായി പോരാടുന്നത് സംബന്ധിച്ച് ശരദ് പവാര്‍ വ്യക്തത നല്കയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇതിനെക്കുറിച്ച് സംസാരിക്കുന്നത് അനുചിതമാണ്, കാരണം ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ല, എന്ന് എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു.