കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. റിപ്പോട്ടർ ടിവിയുടെ വിവിധ സാമ്പത്തിക ഇടപാടുകളും ജിഎസ്ടി, രജിസ്ട്രേഷൻ തട്ടിപ്പുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയത്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ അടക്കമുള്ള ഏജൻസികൾക്കാണ് പരാതി നൽകിയത്. വിവിധ തട്ടിപ്പുകളുടെ തെളിവുകൾ സഹിതമാണ് പരാതി. റിപ്പോർട്ടർ ടിവി മെസ്സിയുടെ പേരിൽ വലിയ തട്ടിപ്പ് നടത്തിയെന്നും സർക്കാർ എസ്ഐടി രൂപീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ സംരക്ഷിക്കാൻ ആവരുത് എസ്ഐടി. റിപ്പോർട്ടർ ടിവി നടത്തിയത് വലിയ തട്ടിപ്പാണ്. അത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട കേസുകൾ ആണ്. ജിഎസ്ടി തട്ടിപ്പ് വലിയ തോതിൽ നടന്നു. എസ്എഫ്ഐഒ തന്നെ റിപ്പോർട്ടർ തട്ടിപ്പ് അന്വേഷിക്കണം. റിപ്പോർട്ടർ കമ്പനി രൂപീകരിച്ചത് തന്നെ തട്ടിപ്പ് നടത്താൻ വേണ്ടിയാണ്. ഇന്തോ ഏഷ്യാൻ ന്യൂസ് ചാനൽ എന്നാണ് പേര്. എംവി നികേഷ്കുമാർ ആണ് ഓണർ. 2023 ൽ ഇത് കൈമാറ്റം ചെയ്തു എന്നു പറയുന്നു. എന്നാൽ രേഖകളിൽ ഇപ്പോഴും നികേഷ് കുമാർ ആണ് കമ്പനി ഓണർ. 10 ലക്ഷം രൂപ മാത്രം ക്യാപിറ്റൽ ആയാണ് കമ്പനി തുടങ്ങിയത്. ഇത് വെച്ച് ബ്രോഡ്കാസറ്റ് കമ്പനി തുടങ്ങാൻ കഴിയില്ല. 20 കോടി രൂപയാണ് മൂലധനം വേണ്ടത്.
റിപ്പോട്ടർ ടിവി യിൽ വർഷങ്ങൾ ആയി ഓഡിറ്റ് നടന്നിട്ടില്ല. ഇങ്ങനെ ഒരു കമ്പനിക്കാണ് വിദേശത്തേക്ക് പണം അയക്കാൻ മുൻ സർക്കാർ റിസർവ് ബാങ്കിന് കത്ത് അയച്ചു. വിദേശത്തേക്ക് പണം അയച്ചതിൽ പിണറായി വിജയന്റെയും മുൻ കായിക മന്ത്രിയുടെയും കായിക വകുപ്പ് സെക്രട്ടറിയുടെയും പങ്ക് അന്വേഷിക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ വെബ്സൈറ്റിൽ ആന്റോ അഗസ്റ്റിൻ ആണ് എംഡി. പക്ഷേ രേഖകളിൽ ആന്റോ ആഗസ്റ്റിൻ എംഡി അല്ല. ഇപ്പോൾ വെബ്സൈറ്റ് കാണുന്നില്ല. റിപ്പോട്ടർ ടിവി ഓഡിറ്റ് നടക്കാത്തത് കൊണ്ട് അവിടെ ഉള്ള ഓഡിറ്റർ വരെ രാജി വെച്ചു.
പിണറായി സർക്കാർ ഈ തട്ടിപ്പ് സംഘത്തിന് കൂട്ട് നിൽക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ മുഴുവൻ രേഖകളും പരിശോധിക്കണം. ഏഴ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ, ഇഡി, ഐടി, സിബിഐ, ഡിജി, ജിഎസ്ടി, മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റ് തുടങ്ങിയവരുടെ അന്വേഷണം നടത്തണം. സംസ്ഥാന സർക്കാരിന്റെ എസ്ഐടി അന്വേഷണത്തിന് പരിധി ഉണ്ട്. എസ്ഐടി അന്വേഷണം പ്രതികളെ രക്ഷിക്കാൻ വഴി വെക്കും. വെറുതെ മെസ്സി വന്നതോ, കലൂർ സ്റ്റേഡിയം നശിപ്പിച്ചതോ ഒന്നും അല്ല. വിദേശത്തേക്ക് പണം നടത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് റിപ്പോർട്ടർ ടിവി അടച്ചു പൂട്ടണമെന്നും ഷോൺ ജോർജ് പറഞ്ഞു.































