ന്യൂഡല്‍ഹി : ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നില്‍ അമേരിക്കയാണെന്ന് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രക്ഷോഭത്തെ തുടര്‍ന്ന് രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ തയാറാക്കിയിരുന്ന പ്രസംഗത്തിലാണ് ഹസീനയുടെ ആരോപണം. ഈ പ്രസംഗത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തായത്. പ്രക്ഷോഭകാരികള്‍ ധാക്കയിലെ ഔദ്യോഗിക വസതിയിലേക്ക് കയറുമെന്ന് ഉറപ്പായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രസംഗം ഹസീന ഒഴിവാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം അമേരിക്കക്ക് കൈമാറാനും ബംഗാള്‍ ഉള്‍ക്കടലില്‍ അവരുടെ അപ്രമാദിത്തം തുടരാനും അനുവദിച്ചിരുന്നെങ്കില്‍ തനിക്ക് ഭരണത്തില്‍ തുടരാന്‍ സാധിക്കുമായിരുന്നുവെന്നും ഹസീന പ്രസംഗത്തില്‍ ആരോപിക്കുന്നു. രാജ്യത്ത് ഭരണമാറ്റമുണ്ടാക്കുന്നതിനായി ഗൂഢാലോചന നടത്തുകയാണ് അമേരിക്ക ചെയ്തത്. മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാന്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് രാജിവച്ചത്. വിദ്യാര്‍ഥികളുെട മൃതദേഹങ്ങള്‍ക്കു മുകളിലൂടെ അധികാരം പിടിച്ചെടുക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
അത് ഞാന്‍ അനുവദിക്കില്ല. ഞാന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. മതമൗലികവാദികളുടെ കൗശലങ്ങളില്‍ വീണുപോകരുതെന്ന് രാജ്യത്തോട് അപേക്ഷിക്കുകയാണ്. ഇനിയും ബംഗ്ലദേശില്‍ തുടര്‍ന്നാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും ഷേഖ് ഹസീന പ്രസംഗത്തില്‍ പറയുന്നു. ബംഗ്ലാദേശിന്റെ തെക്കേ അറ്റത്താണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ യുഎസിന് വലിയ മേല്‍ക്കോയ്മ ലഭിക്കുമായിരുന്നു. പ്രതീക്ഷ നഷ്ടപ്പെടരുതെന്നും താന്‍ ഉടന്‍ മടങ്ങിവരുമെന്നും അവാമിലീഗിന്റെ പ്രവര്‍ത്തകരോട് ഷേഖ് ഹസീന പറയാന്‍ ഉദ്ദേശിച്ചിരുന്നു. രാജ്യം വിടാനെടുക്കുന്ന തീരുമാനം വളരെ പ്രയാസമേറിയതായിരുന്നു. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തതു കൊണ്ടാണ് താന്‍ നേതാവായത്.ജനങ്ങള്‍ തന്നെയാണ് ശക്തിയെന്നും ഷേഖ് ഹസീന പ്രസംഗത്തില്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.