മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടല്‍ തീരത്ത് കക്കകള്‍ ചത്തടിയുന്നു. ലക്ഷക്കണക്കിന് കക്കകളാണ് ചത്ത് തീരത്തടിഞ്ഞത്. കടുത്ത ചൂടും ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ തീര കടലിന്റെ അടിത്തട്ടില്‍ അടിയുന്നതുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് സമുദ്ര ഗവേഷകര്‍ പറയുന്നു. തോടുകളിലും കായലിലും വലിച്ചെറിയുന്ന മാലിന്യം ഒഴുകിയെത്തുന്നത് കടലിലേക്കാണ്.
രാസ മാലിന്യങ്ങള്‍, അറവു മാലിന്യങ്ങള്‍ അടക്കമുള്ളവ ഇത്തരത്തില്‍ തീരക്കടലിന്റെ അടിത്തട്ടില്‍ അടിയുന്നത് കക്കകളുടെ ആവാസ വ്യവസ്ഥക്ക് കോട്ടംതട്ടിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കടുത്ത ചൂടും കക്കകളെ പ്രതിരോധത്തിലാക്കുകയാണെന്നാണ് മുതിര്‍ന്ന മത്സ്യ തൊഴിലാളികളും പറയുന്നത്. കഴിഞ്ഞ വേനല്‍ കാലത്തും ഇത്തരത്തില്‍ കക്കകള്‍ തീരത്ത് ചത്തടിഞ്ഞിരുന്നതായും ഇവര്‍ പറയുന്നു. ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ നടപടി വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.