24.6 C
Pathanāmthitta
Saturday, June 18, 2022 1:27 am

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുണ്ടായിരുന്നത് എന്ത് ധാരണയായിരുന്നെന്ന് വെളിപ്പെടുത്തും :ഷിബു ബേബി ജോണ്‍

കൊല്ലം : സ്വര്‍ണക്കടത്ത് കേസില്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുണ്ടായിരുന്നത് എന്ത് ധാരണയായിരുന്നെന്ന് വെളിപ്പെടുത്തണമെന്ന് ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. 164 സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതിന് മുമ്ബുതന്നെ സ്വപ്ന കസ്റ്റംസിനും ഇ.ഡിയ്ക്കും മുന്നില്‍ ഇതേ മൊഴി നല്‍കിയിരുന്നിട്ടും അന്ന് അത് അന്വേഷിച്ചില്ലെന്നും അത് തെരഞ്ഞെടുപ്പിന് മുന്‍പുള്ള ബിജെപി സിപിഐ എം ധാരണയാണെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിബു ബേബി ജോണിന്റെ ആരോപണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ രണ്ടുദിവസമായി കേരളരാഷ്ട്രീയം വീണ്ടും മലീമസമായിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പിതൃതുല്യനെന്നു പറഞ്ഞ വ്യക്തിയെ കൊണ്ടു തന്നെ പീഢനാരോപണം ഉയര്‍ത്തിച്ച സി.പി.എമ്മിന്റെ രാഷ്ട്രീയ കളികളെ രാഷ്ട്രീയകേരളത്തിന് ഒരിക്കലും മറക്കാനാകില്ല. അതുകൊണ്ടുതന്നെ ആ വൃത്തികെട്ട രാഷ്ട്രീയശൈലി കാലത്തിന്റെ തനിയാവര്‍ത്തനം പോലെ വന്നുഭവിക്കുന്നതിനോടും യോജിപ്പില്ല.

അന്ന് ഇഡിയോട് പറഞ്ഞത് എന്നാല്‍ ഈ സംഭവത്തെ തുടര്‍ന്നുണ്ടായ പല പ്രതികരണങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും കേരളസമൂഹത്തില്‍ വലിയ സംശയങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തുക്കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരനൊപ്പം കൂട്ടുപ്രതിയായിരുന്ന ഈ സ്ത്രീ വെളിപ്പെടുത്തുന്നത്, 164 സ്റ്റേറ്റ്‌മെന്റ് നല്‍കുന്നതിന് മുമ്പുതന്നെ കസ്റ്റംസിനും ഇ.ഡിയ്ക്കും മുന്നില്‍ ഇതേ മൊഴി നല്‍കിയിരുന്നു എന്നാണ്. ഈ അവകാശവാദം ശരിയെങ്കില്‍ അതിന് മറുപടി പറയേണ്ടത് കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പി ആണ്. ഈ കേസ് കത്തിനിന്ന സമയത്ത് കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അവരത് അന്വേഷിക്കാതെ അവഗണിച്ചു?

എന്ത് ധാരണയായിരുന്നു സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്ബ് ഉണ്ടായിരുന്നതെന്ന് പ്രക്ഷോഭത്തിനിറങ്ങും മുമ്ബ് ബി.ജെ.പി വെളിപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലില്‍ യാതൊരു കഴമ്ബുമില്ലെങ്കില്‍ ഡി.ജി.പിയേയും എ.ഡി.ജി.പിയേയും വിളിച്ചുവരുത്തി പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരിക്കെതിരെയുള്ള കേസ് ധൃതിപിടിച്ച്‌ അന്വേഷിക്കേണ്ട എന്ത് അത്യാവശ്യമാണുള്ളത്? വെളിപ്പെടുത്തല്‍ ഉണ്ടായ ഉടന്‍ തന്നെ സരിത്ത് എന്ന മറ്റൊരു കൂട്ടുപ്രതിയെ രായ്ക്ക് രാമാനം വീട്ടില്‍ നിന്ന് ഗുണ്ടാസംഘത്തെ പോലെ പിടിച്ചുകെട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതിനു പിന്നാലെ ഉദ്ദേശ്യം എന്തായിരുന്നു? മുഖ്യമന്ത്രി അടക്കം നിരപരാധി ആണെങ്കില്‍ ഭരണകൂടം ഇത്രയും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലല്ലോ.

മുഖ്യമന്ത്രിയുടെ ദൂതനെന്ന പേരില്‍ ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആ യുവതിയുടെ ആരോപണം ശരിയെങ്കില്‍, അത് തികച്ചും അസ്വാഭാവികമാണെന്നും സര്‍ക്കാരിനെന്തോ മറയ്ക്കാനുണ്ടെന്നും വ്യക്തമാണല്ലോ. ഉമ്മന്‍ചാണ്ടിയുടെ ജനകീയത തകര്‍ക്കാന്‍ പരാതിക്കാരിയെ ഓഫീസില്‍ വിളിച്ചുവരുത്തി മുന്‍മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി എഴുതിവാങ്ങിയ സി.പി.എമ്മിന്റെ ശൈലിയല്ല ഞങ്ങള്‍ക്ക്. എന്നാല്‍ തലയില്‍ തൂവലുണ്ടോ എന്ന് തപ്പിനോക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരിഭ്രാന്തി കാണുമ്ബോള്‍ പൊതുജനങ്ങള്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ സംസാരശേഷി നഷ്ടപ്പെട്ട മുഖ്യമന്ത്രി കേരളീയസമൂഹത്തിന്റെ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് വിശ്വസിക്കുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular