കൊച്ചി : മരട് നഗരസഭയിലെ 6-ാം ഡിവിഷന്‍ കാട്ടിത്തറയില്‍ വാടകയ്ക്കു താമസിക്കുന്ന പാലാ സ്വദേശികളുടെ മകളായ മൂന്നു വയസ്സുകാരിക്കു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഷിഗെല്ല രോഗം കണ്ടെത്തി. സ്ഥിരീകണത്തിനായി സാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. 2 ദിവസത്തിനകം ഫലം ലഭിക്കും.
ഒരാഴ്ച മുമ്പ് പാലായില്‍ പോയപ്പോള്‍ പുറത്തു നിന്നു ഭക്ഷണം കഴിച്ചിരുന്നതായി കുടുംബം പറയുന്നു. ഇവിടെ ആരോഗ്യവിഭാഗം പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലെ സാമ്പിളുകളും റിപ്പോര്‍ട്ടുകളും എടുക്കാനും ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നു കണ്ടെത്താനും കൂടുതല്‍ ആശാ വര്‍ക്കര്‍മാരെ നിയോഗിച്ചതായി നഗരസഭാധ്യക്ഷന്‍ പറഞ്ഞു.