മുംബൈ : ബോളിവുഡ് നടി ശിൽപ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നീലച്ചിത്ര നിർമാണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
രാജ്കുന്ദ്രയുടെ പ്രൊഡക്ഷൻ കമ്പനി അഡൾട്ട് വീഡിയോകൾ നിർമിക്കുന്നത് സംബന്ധിച്ച് ശിൽപ്പയ്ക്ക് അറിവുണ്ടായിരുന്നു. എന്നാൽ നീലച്ചിത്രങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് നടിയ്ക്ക് ധാരണയുണ്ടായില്ല. അതിനാൽ തന്നെ അറസ്റ്റ് നടിയിൽ വലിയ ആഘാതമുണ്ടാക്കി. രാജ് കുന്ദ്രയിൽനിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശിൽപ്പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നുത് കൊണ്ട് രാജ്‌കുന്ദ്രയിൽ നിന്ന് വേർപിരിയാനാണ് ശിൽപ്പയുടെ തീരുമാനം.
രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശിൽപ്പ ഷെട്ടി ജോലിയിൽനിന്ന് ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ് താരം. സൂപ്പർ ഡാൻസ് 4 എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാളാണ് ശിൽപ്പ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷോയിലേക്ക് തിരികെ എത്തുകയും ചെയ്തു.
2009-ലായിരുന്നു രാജ് കുന്ദ്രയും ശിൽപ്പ ഷെട്ടിയും തമ്മിലുള്ള വിവാഹം. വിയാൻ, സമീഷ എന്നിവരാണ് ഇവരുടെ മക്കൾ.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ് കുന്ദ്രയുടെ നിർമാണ കമ്പനി നീലച്ചിത്രങ്ങൾ നിർമിക്കുന്നുവെന്നും അത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നുവെന്നുമാണ് കേസ്. ഷെർലിൻ ചോപ്ര അടക്കമുള്ള നടിമാരുടെ പരാതിയെ തുടർന്ന് മുംബൈ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.