12–ാം വിവാഹവാർഷിക ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി നടി ശിൽപ ഷെട്ടി. വിവാഹദിനത്തിലെ ചിത്രങ്ങളുടെ താരം പങ്കുവെച്ചു. അന്നത്തെ വാഗ്ദാനം ഭർത്താവ് രാജ്കുന്ദ്രയും താനും ഇപ്പോഴും നിറവേറ്റുന്നതായി ശിൽപ കുറിച്ചു. ‘‘12 വർഷം മുമ്പുള്ള ഈ നിമിഷവും ദിവസവും ഞങ്ങൾ ഒരു വാഗ്ദാനം കൈമാറി. അതിപ്പോഴും നിറവേറ്റുന്നു. നല്ല നിമിഷങ്ങൾ പങ്കിടാനും പ്രയാസകരമായ സമയങ്ങൾ സഹിക്കാനും സ്നേഹത്തിൽ വിശ്വസിക്കാനും ദൈവം എപ്പോഴും നമുക്ക് വഴി കാണിക്കട്ടെ. എണ്ണിയാലൊടുങ്ങാത്ത 12 വർഷങ്ങൾ, ആശംസകൾ പ്രിയപ്പെട്ടവനേ. നിരവധി വർണാഭമായ നിമിഷങ്ങൾ, ചിരികൾ, നേട്ടങ്ങൾ, വിലപ്പെട്ട സ്വത്തായ നമ്മുടെ കുട്ടികൾ.
എപ്പോഴും കൂടെയുണ്ടായിരുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി’’ രാജ്കുന്ദ്ര അടുത്തിടെ നീലച്ചിത്ര കേസിൽ അറസ്റ്റിലായിരുന്നു. ഇവരുടെ ദാമ്പത്യം തകർന്നെന്നും വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ അതിനെയെല്ലാം പൂർണമായി തള്ളിക്കളയുന്നതായി ശിൽപയുടെ കുറിപ്പ്. വിവാഹമോചന വാർത്ത ശക്തിയാർജിച്ചപ്പോൾ കർവാ ചൗത് ആഘോഷിച്ചും ശിൽപ മറുപടി നൽകിയിരുന്നു. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയുള്ള ഉപവാസം ഉൾപ്പെടുന്ന ആഘോഷമാണ് കർവാ ചൗത്. 2009 നവംബർ 22ന് ആയിരുന്നു ബ്രിട്ടിഷ് വ്യവസായി രാജ്കുന്ദ്രയുമായുള്ള ശിൽപ ഷെട്ടിയുടെ വിവാഹം.