കൊച്ചി : കെ.സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചാല്‍ സംസ്ഥാന ബി ജെ പിക്കകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന. സുരേന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കേന്ദ്രനേതൃത്വത്തോട് ആവര്‍ത്തിച്ച് കൃഷ്ണദാസ് ശോഭാ പക്ഷങ്ങള്‍.
സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കിയെന്നും പാര്‍ട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സുരേന്ദ്രനെ നീക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ശക്തമാണ്. സുരേന്ദ്രന്‍ വിരുദ്ധ പക്ഷനേതാക്കള്‍ അടുത്ത ആഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.
കേരളത്തില്‍ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം കേന്ദ്ര നേതൃത്വത്തോട് പറഞ്ഞു. കെ.സുരേന്ദ്രനെ സംരക്ഷിക്കാനില്ലെന്നും മുരളീധരന്‍ – സുരേന്ദ്രന്‍ ഗ്രൂപ്പ് പാര്‍ട്ടിയെ കുടുംബ സ്വത്താക്കി മാറ്റിയതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കൃഷ്ണദാസ് ശോഭാപക്ഷം. സുരേന്ദ്രന്‍ വ്യക്തിപരമായി സൃഷ്ടിച്ച പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്നും ഇരുകൂട്ടരും പറഞ്ഞു.
തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പല നേതാക്കളെയും ഉപയോഗപ്പെടുത്തിയില്ലെന്നും നിരവധി നേതാക്കളെ മാറ്റി നിര്‍ത്തിയതായും കൃഷ്ണദാസ് – ശോഭ സുരേന്ദ്രന്‍ പക്ഷങ്ങള്‍ കേന്ദ്രത്തോട് പരാതി പറഞ്ഞു. പ്രചരണ സാമഗ്രികള്‍ വിതരണം ചെയ്യാനും സാമ്പത്തിക കാര്യങ്ങള്‍ക്കും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമാണ് നിയോഗിച്ചത്. ഇരുകൂട്ടരുടെയും നിലപാട് വ്യക്തമായ സാഹചര്യത്തില്‍ ബിജെപിയില്‍ ഭിന്നത രൂക്ഷമാകാനാണ് സാധ്യത.