തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ പാളയത്തില്‍പട കാരണം മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമായിരിക്കുകയാണ് എന്നാണ് ആരോപണം. ഫേസ് ബുക്ക് പോസ്റ്റിലാണ് ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമായിട്ടു മാസങ്ങളായി. ലക്ഷക്കണക്കിനു പരാതികളാണ് പരിഹാരമാകാതെ കെട്ടിക്കിടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രമല്ല കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടങ്ങളും കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. വേണ്ടതു തന്നെ. പക്ഷേ, അതല്ല പരാതി പരിഹാര സെല്‍ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ കാരണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ തമ്മിലുള്ള പോരും അതിന്റെ തുടര്‍ച്ചയായ ചില സംഭവ വികാസങ്ങളുമാണ് യഥാര്‍ത്ഥ കാരണം.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താഴത്തെ നിലയ്‌ക്ക് സമീപം സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ആദ്യം നാലാം നിലയിലേക്കു മാറ്റി. അതിനൊപ്പം അവിടുത്തെ ജീവനക്കാരെ മറ്റു പലയിടത്തേക്കും മാറ്റി നിയമിച്ചു. പരാതികള്‍ക്ക് ജില്ലാ തലത്തില്‍ പരിഹാരമുണ്ടാക്കുന്നതിന് എന്ന പേരില്‍ കളക്ടര്‍മാര്‍ക്ക് അയയ്‌ക്കുന്ന രീതി നടപ്പാക്കുകയാണു പിന്നീടു ചെയ്‌തത്. അതോടെ പരിഹാരവും നിലച്ചു. പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇപ്പോള്‍ ഒരു ഔപചാരിക മറുപടി മാത്രം ലഭിക്കും,” താങ്കളുടെ പരാതി തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരിക്കുന്നു. തുടര്‍ നടപടികള്‍ക്ക് കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക.
മുമ്പ് ഇങ്ങനെ ആയിരുന്നില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സുതാര്യ കേരളം എന്ന പേരിലും ഇപ്പോഴത്തെ സര്‍ക്കാര്‍ വന്ന ശേഷം സ്‌ട്രെയിറ്റ് ഫോര്‍വേഡ് എന്ന പേരിലും പരാതി പരിഹാര സെല്‍ പേരിനെങ്കിലും നേരിട്ടാണ് പരാതി പരിഹാര ശ്രമങ്ങള്‍ നടത്തിയിരുന്നത്. പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആ രീതി കഴിയാത്തതുകൊണ്ടല്ല അതിനു മുമ്പേതന്നെ, കഴിഞ്ഞ ജനുവരി മുതല്‍ പരാതി പരിഹാര സെല്‍ ദുര്‍ബലപ്പെടുത്തിയിരുന്നു.
‘എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ പരാതികളും ആവലാതികളും എനിക്ക് അയയ്‌ക്കാം. ദ്രുതഗതിയിലുള്ള പരിശോധനയും പരിഹാരവും ഉറപ്പാണ്’ എന്നാണ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റേതായി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതു വെറും പാഴ് വാക്കുകളാണ് എന്ന് ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തുകയാണ് ഇപ്പോഴത്തെ സ്ഥിതി”.