തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍ ആവർത്തിച്ചു. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവനയെന്നാണ് പരാതിയുടെ ഉള്ളടക്കം. എന്നാല്‍ പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തയാറല്ലെന്നു വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ കടുത്ത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തു. താൻ പറഞ്ഞ പ്രസ്താവനയുടെ അർഥം പോലും ഗ്രഹിക്കാൻ കഴിവില്ലാത്തവനാണെങ്കിൽ കടകംപള്ളി നിയമസഭയിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ശോഭ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിശ്വാസികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഒരു സർക്കാരിന്റെ അസുര താണ്ഡവത്തിന് അവസാനം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് സമാഗമമായിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്പോരും തുടരുകയാണ്.