തിരുവനന്തപുരം : കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ മാനിസികമായി ഒരുങ്ങിയെന്നും മറ്റൊരു മണ്ഡലത്തെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്. കഴക്കൂട്ടത്ത് ബി ജെ പി വിജയിക്കും. ഇന്ത്യയില്‍ ബി ജെ പിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഏറ്റവും കരുത്തനായ നേതാവാണ് തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിക്കില്ല മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്നും ശോഭ പറഞ്ഞു.
ശോഭാ സുരേന്ദ്രനെവെട്ടി വി മുരളീധരന്‍ മത്സരിക്കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. കെ സുരേന്ദ്രന്‍ വിഭാഗം ശോഭയെ ഒഴിവാക്കാന്‍ അവസാന നിമിഷവും കരുക്കള്‍ നീക്കുന്നുണ്ട്.