കുറവിലങ്ങാട് : വീട്ടില്‍ കളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടില്‍ അലന് ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്.
കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നില്‍ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാര്‍ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കുറവിലങ്ങാട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇന്‍ക്വസ്റ്റ് പരിശോധന പൂര്‍ത്തിയാക്കി.
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തില്‍ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കിയശേഷം പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.