ഹൂസ്റ്റൺ : അമേരിക്കയിലെ ഹൂസ്റ്റണിൽ പള്ളിക്കുള്ളിൽ വെടിവയ്പ്പ്. പള്ളിയിൽ വച്ച് നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 30-35 വയസുള്ള വനിതയാണ് ആക്രമണം നടത്തിയത്. ഇവരെ സംഭവസ്ഥലത്ത് വച്ച് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഹൂസ്റ്റണിലെ ക്രിസ്റ്റ്യൻ മെഗാചർച്ച് ആയ പാസ്റ്റർ ജോയൽ ഓസ്റ്റീൻസ് ലേക് വുഡിലാണ് വെടിവയ്പ്പ് നടന്നത്. നീളമുള്ള തോക്കുമായി പള്ളിക്ക് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു അക്രമി. ഇവരുടെ കൂടെ 4-5 വയസുള്ള കുട്ടിയുമുണ്ടായിരുന്നു. തുടർന്ന് ആക്രമണം നടത്തി.
ഇതിനിടെ സമയോചിതമായി ഇടപെട്ട പോലീസ് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അക്രമിയുമായുള്ള ബന്ധം എന്തെന്ന് വ്യക്തമല്ല. ആക്രമണത്തെ തുടർന്നുള്ള പോലീസിന്റെ പ്രതിരോധത്തിനിടെ കുഞ്ഞിനും പരിക്കേറ്റു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇതുകൂടാതെ പള്ളിയിലുണ്ടായിരുന്ന 50-കാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കാലിനാണ് വെടിയേറ്റത്. അതേസമയം, അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്നും ആക്രമണത്തിന് കാരണവും വ്യക്തമല്ല. ഞായറാഴ്ച ദിവസമായതിനാൽ ആയിരക്കണക്കിന് വിശ്വാസികളായിരുന്നു പള്ളിയിലെത്തിയിരുന്നത്.