റാന്നി: വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചും വഴിയോരങ്ങളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയും പച്ചക്കറി അടക്കം വിവിധ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടപടിയില്ലാതെ അധികൃതര്‍. വഴിയോര വാണിഭങ്ങള്‍ തങ്ങളുടെ വ്യാപാരത്തെ അതിഗുരുതരമായി ബാധിക്കുന്നുവെന്ന പരാതി സ്‌ഥിരം വ്യാപാരികള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരം വഴിവാണിഭം തടസപ്പെടുത്താന്‍ ചില വ്യാപാരികള്‍ നേരിട്ട് ഇറങ്ങിയതോടെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്‌ഥിതിവരെ എത്തിയിരുന്നു. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങളും ഇപ്പോള്‍ നിരത്തു വക്കില്‍ ലഭ്യമാണ്. സാധനത്തിന്റെ മികവിനേക്കാള്‍ സമീപത്ത് ലഭ്യമാകുന്നതും വിലയില്‍ ഉണ്ടാകുന്ന വന്‍ കുറവുമാണ് ജനങ്ങളെ വഴിയോര വാണിഭത്തിലേക്ക് ആകര്‍ഷിക്കുന്നത്.
വിവിധയിനം പച്ചക്കറികള്‍ പ്ലാസ്‌റ്റിക് കിറ്റിലാക്കി വിവിധ സംഘങ്ങള്‍ ഏതാനും നാളുകളായി റാന്നി മേഖലയില്‍ വില്‍പ്പന നടത്തി വരുന്നുണ്ട്. നൂറു രൂപ വിലയുള്ള പച്ചക്കറി കിറ്റു വില്‍ക്കാന്‍ നിരവധി വാഹനങ്ങളാണ് റോഡരികില്‍ കിടക്കുന്നത്. വാഹനത്തിലുള്ള വില്‍പ്പന ആയതിനാല്‍ ഇടയ്‌ക്കിടെ ഇവര്‍ സ്‌ഥലവും മാറും. ചെറിയ തോതില്‍ ഒരു വീട്ടിലേക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികളാണ് നൂറു രൂപ കിറ്റില്‍ നല്‍കുന്നത്. ഇങ്ങനെ വഴിയോരത്ത് പച്ചക്കറി വില്‍പ്പന തകൃതിയായി നടക്കുമ്പോള്‍ സ്‌ഥിരം വ്യാപാരികളുടെ കാര്യം കഷ്‌ടത്തിലാകുകയാണ്. വന്‍തുക തറവാടകയും സെക്യൂരിറ്റിയും നല്‍കിയാണ് സ്‌ഥിരം വ്യാപാരികള്‍ കടകളുമായി ഉള്ളത്. അവരുടെ കടകളില്‍ വില്‍പ്പന കുറയുകയും വില്‍ക്കാന്‍ എടുത്തു വെയ്‌ക്കുന്ന സാധനങ്ങള്‍ വിറ്റഴിയാതെ നഷ്‌ടപ്പെടുകയും ചെയ്യുന്ന സ്‌ഥിതി ഉണ്ടാകുന്നതാണ് സ്‌ഥിരം വ്യാപാരികളെ വഴിയോര വ്യാപാരത്തിന് എതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്.
സവാള, ചെറിയഉള്ളി, ഉരുളക്കിഴങ്ങ്, ചേമ്പ്, ചേന, ഇഞ്ചി, കാച്ചില്‍, തക്കാളി, പച്ചമാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങി വിവിധയിനം പച്ചക്കറികള്‍, മരച്ചീനി, ഏത്തക്കുല, മാമ്പഴം, ഓറഞ്ച് തുടങ്ങിയ ഫലങ്ങള്‍, പച്ചയും ഉണങ്ങിയതുമായ വിവിധതരം മത്സ്യങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം റോഡു വക്കില്‍ വാഹനങ്ങളില്‍ വില്‍പ്പനയ്‌ക്ക് എത്തുന്നുണ്ട്. തറവാടകയോ സെക്യൂരിറ്റിയോ മറ്റ് അനുബന്ധ ചെലവുകളോ ഇല്ലാതെ ഇവിടെ കച്ചവടം നല്ല രീതിയില്‍ നടക്കുമ്പോള്‍ വന്‍തുക മുടക്കിയ വ്യാപാരികള്‍ക്ക് വലിയ നഷ്‌ടമാണ് അനുദിനം ഉണ്ടാകുന്നതെന്നാണ് അവരുടെ പരാതി. അതിനാല്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം വേണമെന്ന ഉറച്ച നിലപാടിലാണ് വ്യാപാര സമൂഹം. വ്യാപാരികള്‍ പറയുന്നതില്‍ ന്യായമുണ്ടെന്നു സമ്മതിക്കുമെങ്കിലും വഴിയോര കച്ചവടത്തിനോടു ഏറെ മമത കാട്ടുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും.
ലഭിക്കുന്ന സാധനത്തിന്റെ ഗുണനിലവാരം അല്‌പസ്വല്‌പം കുറഞ്ഞാലും സാമ്പത്തികമായ ലാഭം അവരെ വീണ്ടും വഴിയോര വാണിഭക്കാരുടെ പക്കലേക്കു നയിക്കുകയാണ്. വഴിയോര കച്ചവടം ചെയ്യുന്നവരില്‍ പലരും ജീവിക്കാനായി സ്വയം തൊഴില്‍ കണ്ടെത്തിയവരാണ്. പഴകിയ വാഹനങ്ങള്‍ വിലയ്‌ക്ക് എടുത്തോ ദിവസ വാടകയ്‌ക്ക് ലഭ്യമാക്കിയോ അതില്‍ സാധനങ്ങള്‍ കയറ്റി പകല്‍ തീരും മുമ്പേ കച്ചവടം അവസാനിപ്പിക്കാനുള്ള ഓട്ടത്തിലാണ് പലരും. സമാന സ്‌ഥിതിയോ അതിലേറെ ഗുരുതര അവസ്‌ഥയിലോ ഉള്ളവരാണ് ഒട്ടുമിക്ക വ്യാപാരികളും. വഴിയോര വാണിഭം ഒഴിവാക്കണമെന്ന താലൂക്ക് വികസന സമതിയുടെ തീരുമാനം ഉണ്ടെങ്കിലും നടപ്പിലാകാത്ത സ്ഥിതിയാണ്.































