കൊച്ചി : സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവർത്തിച്ചുതുടങ്ങി. ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാൻ അനുമതിയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും പ്രവർത്തിച്ചുതുടങ്ങിയതോടെ കടകളില്‍ തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടല്‍. 55 ദിവസത്തെ അടച്ചിടലിന് ശേഷമാണ് സംസ്ഥാനത്തെ കടകള്‍ തുറക്കുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി 7 വരെ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലോക്ക് ഡൗണില്‍ വിഷു, ഈസ്റ്റർ വിപണികള്‍ നഷ്ടമായി. ചെറിയ പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെ കൂടുതലാളുകള്‍ മാർക്കറ്റുകളിലേക്കെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഏറെ തിരക്കനുഭവപ്പെടാറുള്ള കൊച്ചി ബ്രോഡ്‍വേയില്‍ ഇരുവശത്തും കടകള്‍ തുറന്നുതുടങ്ങി. ആശയക്കുഴപ്പം കാരണം ചില കടയുടമകള്‍ വിട്ടുനിന്നു.
ചെറിയ തുണിക്കടകളില്‍ തിരക്കുണ്ടെങ്കിലും ശാരീരിക അകലം പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പലയിടത്തും ഇല്ല. ജ്വല്ലറികളും തുറന്നുതുടങ്ങി. മാളുകളും തിയറ്ററുകളും അടഞ്ഞുതന്നെ കിടക്കുന്നു. ബഹുനില ഷോപ്പിംഗ് കോംപ്ലക്സുകളില്‍ ഏതൊക്കെ കടകള്‍ തുറക്കണമെന്ന കാര്യത്തില്‍ വ്യാപാരികളുടെ സംഘടനകള്‍ യോഗം ചേർന്ന് തീരുമാനിക്കും. സ്വകാര്യവാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തില്‍ സജീവമാണ്. വരും മണിക്കൂറുകളില്‍ കടകളില്‍ തിരക്കേറുമെന്നാണ് കണക്കുകൂട്ടല്‍. കടയുടമകള്‍ മാർഗനിർദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസ് നിരീക്ഷണവും തുടങ്ങിയിട്ടുണ്ട്.