പത്തനംതിട്ട : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സോളാർ പ്രോത്സാഹന പദ്ധതികളിൽ വിശ്വസിച്ച് ബാങ്ക് വായ്പയെടുത്തും സമ്പാദ്യം വിനിയോഗിച്ചും വീടുകളിൽ സോളാർ പ്ലാന്‍റ്കൾ സ്ഥാപിച്ച സാധാരണക്കാരായ ഉപഭോക്താക്കൾ കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്ക് മൂലം കടുത്ത പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് അപേക്ഷകരും പത്തനംതിട്ട ജില്ലയിൽ മാത്രം ആയിരത്തിലധികം ഉപഭോക്താക്കളുമാണ് പ്ലാന്‍റ് നിർമ്മാണം പൂർത്തിയായിട്ടും നെറ്റ് മീറ്ററുകൾ ഘടിപ്പിക്കാനാകാതെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ത്രീ – ഫേസ് മീറ്ററുകളുടെ കടുത്ത ക്ഷാമമാണ് നിലനിൽക്കുന്നത്. പ്ലാന്‍റ്കൾ സജ്ജമായിട്ടും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകാനോ ഉപയോഗിക്കാനോ കഴിയാത്തതിനാൽ വൻ ഊർജ്ജനഷ്ടമാണ് പ്രതിദിനമുണ്ടാകുന്നത്.
ഇതിനുപുറമെ പ്ലാന്‍റ് സ്ഥാപിക്കാൻ എടുത്ത വായ്പയുടെ തിരിച്ചടവും സാധാരണ വൈദ്യുതി ബില്ലും ഒരുപോലെ അടയ്ക്കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കെ.എസ്.ഇ.ബിയും സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്റ്റോക്ക് ലഭ്യത ഉറപ്പുവരുത്തി മാസങ്ങളായി കാത്തിരിക്കുന്ന മുഴുവൻ ഉപഭോക്താക്കൾക്കും അടിയന്തിരമായി നെറ്റ് മീറ്ററുകൾ നൽകണമെന്നും വിതരണത്തിൽ സുതാര്യത ഉറപ്പാക്കുവാന്‍ ഓരോ സെക്ഷൻ ഓഫീസുകളിലെയും മുൻഗണനാ പട്ടിക പരസ്യപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടു. ഉപഭോക്തൃ വഞ്ചന നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നിയമനടപടികൾക്കായി കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു. സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. എസ്.കൃഷ്ണകുമാർ, എൻ.പ്രസാദ്, പി.വിനോദ് കുമാര്‍, എസ്.അഞ്ജിത, സലീന എന്നിവർ സംസാരിച്ചു.




























