കോന്നി : കോന്നി കുളത്തുമണ്ണില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ കരിമ്പുലിയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് കുളത്തുമണ്‍ ഞണ്ടുപാറയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കരിമ്പുലി അകപ്പെട്ടത്. തുടർന്ന് പുലിയെ കോന്നി ഇക്കോ ടൂറിസം സെന്‍ററില്‍ എത്തിക്കുകയും വനം വകുപ്പ് വെറ്റിനറി ഡോക്ടറുടെ വിദഗ്ധ പരിശോധനകള്‍ക്കും സി.സി.എഫിന്‍റെയും വനം വകുപ്പ് അധികൃതരുടെയും തീരുമാനപ്രകാരവും തൃശൂർ പുത്തൂർ സുവോളജി പാർക്കിലേക്ക് മാറ്റുകയായിരുന്നു. പുലര്‍ച്ചയോടെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച പുലിയെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രയിന്‍ ഉപയോഗിച്ച് കൂട് സഹിതം വാഹനത്തില്‍ നിന്നും ഇറക്കി. സുവോളിക്കല്‍ പാര്‍ക്ക് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കോന്നി ആര്‍.ആര്‍.റ്റി., നടുവത്തുംമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, വനപാലകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുലിയെ തുറന്നുവിട്ടത്.
കോന്നിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കരിമ്പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ അകപ്പെടുന്നത്. നാലുവര്‍ഷത്തിനിടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെടുന്ന നാലാമത്തെ പുലിയാണിത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് പാക്കണ്ടത്ത് ആദ്യമായി പുലി കെണിയില്‍ വീഴുന്നത്. ഇതിനുശേഷം 2024 ഡിസംബറില്‍ കൂടല്‍ പാക്കണ്ടത്ത് സ്ഥാപിച്ച കൂട്ടില്‍ പുള്ളിപ്പുലി കുടുങ്ങിയിരുന്നു. അതിന് രണ്ടുമാസങ്ങള്‍ക്ക് മുന്‍പാണ് ഇഞ്ചപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ പുലി അകപ്പെടുന്നത്. കുളത്തുമണ്‍, കമ്പകത്തുംപച്ച, തിടി, കള്ളിപ്പാറ, എലിക്കോട് തുടങ്ങിയ മേഖലകളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചിരുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ തിടി ഭാഗത്ത് കാട്ടുപന്നിയെ കരിമ്പുലി ഓടിക്കുന്നത് നാട്ടുകാര്‍ കണ്ടതായും വനപാലകരെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം എലിക്കോട് ഇരുക്കുഴി ഭാഗത്ത് കള്ളിപ്പാറയുടെ അടിവാരത്ത് നാട്ടുകാര്‍ കരിമ്പുലിയെ കാണുകയും മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.




























