ഇരിട്ടി : എടപ്പുഴ വനത്തോട് ചേര്‍ന്ന മിച്ചഭൂമിയില്‍ നായാട്ടുസംഘത്തിലെ ഒരാള്‍ വെടിയേറ്റ് മരിച്ചു. എടൂര്‍ കമ്പനിനിരത്ത് സ്വദേശി പുലുക്കി പി.ആര്‍. മോഹനനാണ് (52) മരിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആളെ തോക്കുസഹിതം കരിക്കോട്ടക്കരി പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുമായി മരത്തില്‍ കയറി വെടിവെക്കാനായി ഒരുങ്ങുന്നതിനിടെ കാല്‍ തെറ്റി താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് നിഗമനം.
മോഹനന്റെ കാല്‍മുട്ട് വെടിയേറ്റ് തകര്‍ന്നനിലയിലാണ്. സംഭവശേഷം നാട്ടുകാരെ കൂടെയുണ്ടായിരുന്ന ആള്‍ വിവരമറിയിക്കുകയായിരുന്നു. ഉള്‍വനത്തില്‍ നിന്ന് മോഹനനെ പുറത്തെത്തിക്കുന്നതിന് ഏറെ സമയമെടുത്തു. ഇതിനിടെ ചോരവാര്‍ന്നാണ് ഇയാള്‍ മരിച്ചത്. മൃതദേഹപരിശോധനയ്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: സിന്ധു. മക്കള്‍: ഷിജിന, സുദിന, അമല്‍.