മല്ലപ്പള്ളി : നൂറ്റാണ്ടിലേറെ പഴക്കമുള്ള ശ്രീകൃഷ്ണവിലാസം പൊതുമാർക്കറ്റിനെ തകർച്ചയിൽ നിന്ന് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിന്റെ കടുത്ത അവഗണനയാണ് മാർക്കറ്റിന്റെ തകർച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. രണ്ടര ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന മാക്കറ്റ് ഇന്ന് ഒരു റോഡ് മാത്രമായി ചുരുങ്ങിയിരിക്കുന്നു. പഞ്ചായത്ത് ഓഫീസിന് വേണ്ടിയും മാലിന്യ സംഭരിക്കുന്ന കെട്ടിടത്തിനും ജൈവ മാലിന്യ പ്ലാന്റിനുമായി മാർക്കറ്റിന്റെ വലിയ ഭാഗം കവർന്നതായാണ് പരാതി. 38 ലക്ഷം രൂപ മുടക്കി പണിത ജൈവ പ്ലാന്റ് കൊണ്ട് ഒരു ഉപകാരവുമില്ല. നൂറോളം വ്യാപാരികൾ കച്ചവടം ചെയ്യുന്നത് ആകെയുള്ള ഈ റോഡിലാണ്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപ മുടക്കി പണിത മത്സ്യ മാർക്കറ്റ് തകർന്നു തരിപ്പണമായി കിടക്കുകയാണ്.
ഇവിടെ കാലുകുത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്. തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമാണിത്. മാലിന്യങ്ങൾ തള്ളുന്നതിനുള്ള ഇടമായി പഞ്ചായത്ത് മാർക്കറ്റിനെ മാറ്റിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പഴയകാലത്ത് എങ്ങും സജീവമായിരുന്ന പൊതുമാർക്കറ്റുകൾ ഇല്ലാതായപ്പോഴും മല്ലപ്പള്ളി മാർക്കറ്റ് ഇന്നും സജീവമായി നിലനിൽക്കുന്നു. എന്നാൽ ഇതിനെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. നൂറോളം വ്യാപാരികൾ മാർക്കറ്റിൽ കച്ചവടം ചെയ്യുമ്പോള് മാർക്കറ്റിനെ തകർക്കുന്ന രീതിയിൽ വഴിയോര കച്ചവടവും പൊടിപൊടിക്കുകയാണ്. ഇത് മാർക്കറ്റിലേക്ക് ആളുകൾ വരുന്നത് കുറയാനും കാരണമാകുന്നു. വഴിയോരക്കച്ചവടം ഗതാഗത കുരുക്കിനിടയാക്കുന്നതായും പരാതി ഉയർന്നിരുന്നു. പഞ്ചായത്തിനും പോലീസ് ഉദ്യോഗസ്ഥർക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല.