കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റിന്റെ മാനസിക പീഢനമെന്നും എസ്എഫ്‌ഐ ആരോപിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അതേസമയം ശ്രദ്ധയുടെ മരണത്തില്‍ കോളജിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ പിടിച്ചുവച്ചെന്ന് വീട്ടുകാര്‍ പറയുന്നു. കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞാണ് കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ ശകാരിച്ചിരുന്നത്. രണ്ട് ദിവസത്തോളം കോളജ് അധികൃതര്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചു. ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാര്‍ത്ഥിനിയോട് കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.