കോഴിക്കോട് : കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ എസ്.ഐയുടെ വക ധനസഹായം. ബ്യൂട്ടീഷനായ പ്രതി തൃശ്ശൂര്‍ മുല്ലശേരി സ്വദേശി ലീന (43) ക്കാണ് കോഴിക്കോട് സിറ്റി പോലീസിലെ എസ്‌ഐ 500 രൂപ സഹായധനം നല്‍കിയത്. 18.7 കിലോഗ്രാം കഞ്ചാവുമായി ലീനയെയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലിനേയും (34) കുന്ദമംഗലം ടൗണില്‍ വെച്ച് ഓഗസ്റ്റ് 30 ന് രാവിലെ 6.30 ഓടെയാണ് പോലീസും ഫ്ലയിംഗ് സ്ക്വാഡായ ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുന്നത്.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കഞ്ചാവ് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു ഇവര്‍. ഒന്നര മാസമായി ഇരുവരും ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു ബിസിനസ്. ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തിക്കുന്നതിന്റെ മുമ്പായുള്ള ദേഹ പരിശോധനയിലാണ് ലീനയില്‍ നിന്നും അഞ്ഞൂറ് രൂപയുടെ കറന്‍സി കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പണം എസ്.ഐ നല്‍കിയതാണെന്ന് ലീന വെളിപ്പെടുത്തിയത്. ജയിലില്‍ നിന്നിറങ്ങിയശേഷം തിരിച്ചു നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാണ് എസ്‌ഐ പണം നല്‍കിയതെന്നും ലീന വനിതാ പോലീസിനു മൊഴി നല്‍കി.
ഇക്കാര്യങ്ങളെല്ലാം വനിതാ പോലീസ് സ്റ്റേഷനില്‍ റിക്കാര്‍ഡായി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 18 നാണ് ഈ സംഭവം നടന്നത്. സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് സിറ്റി പോലീസ് ചീഫ് എ.വി ജോര്‍ജ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കുന്ദമംഗലം പോലീസ്, വനിത പോലീസ് തുടങ്ങിയവരുടെ മൊഴിയെടുത്തു. ആരോപണ വിധേയനായ എസ്.ഐ മുമ്പ് നടപടി നേരിട്ട ആളാണ്.