തിരുവനന്തപുരം: കളിയിക്കാവിള അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വെടിയേറ്റു മരിച്ച തമിഴ്‌നാട് എ.എസ്.ഐ വില്‍സണ്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്‍. തമിഴ്‌നാട് തിരുചന്തൂരില്‍ ഉള്‍പ്പടെ നടന്ന തീവ്രവാദ വിരുദ്ധ നടപടികളില്‍ ഇദ്ദേഹത്തിനു പങ്കുണ്ടായിരുന്നു. അന്നേ വില്‍സന്‍ തീവ്രവാദികളുടെ നോട്ടപ്പുള്ളിയായിരുന്നു. വില്‍സണെ കൊലപ്പെടുത്തിയത് തീവ്രവാദ വിരുദ്ധ സ്വാക്ഡിനു നല്‍കിയ മുന്നറിയിപ്പാണ്.
വില്‍സണെ വെടിവച്ച് കൊല്ലുന്നതിനായി ഓട്ടോറിക്ഷയിലാണ് ഇവര്‍ ചെക്‌പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും കണ്ട് മനസിലാക്കാനായി നടന്ന് നിരീക്ഷിച്ചു. അതിനുശേഷം തിരിച്ചെത്തിയാണ് വെടിയുതിര്‍ത്തത്. രക്ഷപെടാനുള്ള കാര്‍ ഒന്നരകിലോമീറ്റര്‍ അകലെ തയാറാക്കി നിര്‍ത്തിയിരുന്നു. ഈ കാറില്‍ അക്രമികളെ കൂടാതെ സംഘത്തില്‍പെട്ട രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം.
സുരക്ഷ മുന്‍നിര്‍ത്തി തമിഴ്‌നാട്, കേരളം ഉള്‍പ്പടെയുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ പുറത്തുവിടാറില്ല. ഇവരെ മറ്റ് പല പോസ്റ്റുകളില്‍ നിയമിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇവരുടെ പേരുവിവരങ്ങള്‍ ചോര്‍ന്ന കാര്യം ഉള്‍പ്പടെയുള്ളവ പരിശോധിച്ചു വരികയാണ് ഉന്നതാധികാരികള്‍. അതേസമയം ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കേരളത്തില്‍ നിന്നുള്ളവരുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍നിന്ന് ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് നിന്ന് ഒരാളെ കഴിഞ്ഞ ദിവസവും പാലക്കാടു നിന്ന് രണ്ടുപേരെ ഇന്നലെയും കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് പോലീസ് നിരീക്ഷണത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തമിഴ്‌നാടു പോലീസിനൊപ്പം തീവ്രവാദ വിരുദ്ധതലവന്‍ അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തില്‍ രണ്ടു ടീമുകളായാണ് അന്വേഷണം. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരെ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് എ.എസ്.ഐയുടെ കൊലപാതകത്തിന് പിന്നിലെന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നത്. വില്‍സണെ വധിച്ച സ്ഥലത്തുനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് തിരുവിതാംകോട് സ്വദേശി അബ്ദുള്‍ ഷമീം (29), തൗഫിഖ് (27) എന്നീ പ്രതികളെ തിരിച്ചറിഞ്ഞത്. വ്യാപകമായി തിരിച്ചലാണ് ഇവര്‍ക്കായി നടത്തുന്നത്.
പ്രതികളുടെ സഹായികള്‍ക്കായി തിരുവനന്തപുരം ജില്ലയിലെ വിതുരയിലുള്‍പ്പടെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നഗരത്തില്‍ നിന്നും സംശയം തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.