ന്യൂഡൽഹി : യുഎപിഎ കേസിൽ മഥുര ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വൈദ്യസഹായവും ചികിത്സയും നിഷേധിക്കുന്നതിനെതിരേ കോടതിയലക്ഷ്യ ഹർജി. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരി, ഡിജിപി ഹിറ്റിഷ് ചന്ദ്ര അവസ്തി ഉൾപ്പടെ അഞ്ച് പേർക്കെതിരേയാണ് കേരള പത്ര പ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
2021 ഏപ്രിൽ 28 ന് പുറപ്പടുവിച്ച ഉത്തരവിൽ സിദ്ദിഖ് കാപ്പന് വൈദ്യസഹായവും ചികിത്സയും ലഭ്യമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഡൽഹിയിലെ എയിംസിലേക്ക് കാപ്പനെ മാറ്റാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് കേരള പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്.
കോവിഡ് ബാധയും ഉയർന്ന പ്രമേഹവും ഉണ്ടായിരുന്ന സിദ്ദിഖ് കാപ്പനെ ഡൽഹിയിലെ എയിംസിൽ നിന്ന് മെയ് ആറാം തീയതി നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതും കോടതിയലക്ഷ്യമാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ചികിത്സ ഇനിയും വൈകിയാൽ നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആരോപിക്കുന്നു.
അറസ്റ്റിലായി ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം ലഭിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാൻ സിദിഖ് കാപ്പൻ നാർകോ അനാലിസിസ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് തയ്യാറാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമെ, മഥുര ജില്ലാ ജയിലിലെ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ മൈത്രേയ്, അഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടറിമാരായ എസ് പി ഉപാധ്യായ, കുമാർ പ്രശാന്ത് എന്നിവർക്ക് എതിരെയാണ് കോടതി അലക്ഷ്യ ഹർജി. അഭിഭാഷകൻ വിൽസ് മാത്യൂസ് ആണ് ഹർജി ഫയൽ ചെയ്തത്.