പഞ്ചാബ് : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതത്തിന് രണ്ട് ദിവസത്തിനകം തിരിച്ചടി നല്‍കുമെന്ന് സാമൂഹ്യ മാധ്യമത്തില്‍ ഭീഷണി സന്ദേശം. ഡല്‍ഹിയിലെ കുപ്രസിദ്ധ കുറ്റവാളി നീരജ് ബാവനയുടെ സംഘമാണ് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദു മൂസെവാല തങ്ങളുടെ ഹൃദയത്തിലെ സഹോദരനാണെന്നും രണ്ട് ദിവസത്തിനകം ഫലം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അധോലോക നേതാവ് നീരജ് ബാവനയെ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ ദാവിന്ദര്‍ ബംബിഹ സംഘവും സിദ്ദു മൂസെവാലയുടെ കൊലപാതത്തിന് പകരം വീട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ ഇന്നലെ തിഹാര്‍ ജയിലില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജീവന് ഭീഷണിയുണ്ടെന്നും, പഞ്ചാബ് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി ലോറന്‍സ് ബിഷ്‌ണോയി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.