ന്യൂഡൽഹി : പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി നവജ്യോത് സിങ് സിദ്ദു പിന്‍വലിച്ചേക്കുമെന്ന് സൂചന. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ച സിദ്ദു ഇന്നു വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി കൂടിക്കാഴ്ച നടത്തും. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് കടുപ്പിച്ചതോടെയാണ് രാജിയില്‍നിന്ന് സിദ്ദു പിന്‍വാങ്ങുന്നതെന്നാണ് വിവരം.
ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ഛന്നി നേരിട്ടറിയിച്ചിട്ടും വഴങ്ങാതിരുന്ന സിദ്ദു ഒടുവില്‍ പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നറിയിക്കുകയായിരുന്നു. കളങ്കിതനായ മന്ത്രിയെ ഉള്‍പ്പെടുത്തിയതിലും തനിക്ക് അനഭിമതരായ ഡിജിപിയേയും അഡ്വക്കേറ്റ് ജനറലിനേയും നിയമിച്ചതിലുള്ള അതൃപ്തിയാണ് സിദ്ദുവിന്‍റെ രാജിയിലേക്ക് നയിച്ചത്. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തു.