കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള വൈദ്യുതി കണ്ടെത്തുന്നത് പുരപ്പുറത്ത് നിന്ന്. ഇതിനായി സംസ്ഥാനത്തെ ചെറുകിടവ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് കെ – റെയില്‍ അധികൃതരും സംസ്ഥാന ചെറുകിടവ്യവസായ അസോസിയേഷന്‍ ഭാരവാഹികളും ചര്‍ച്ചനടത്തി. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ തുടക്കത്തില്‍ 300 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണു ഒരുവര്‍ഷം വേണ്ടിവരുക. 25 വര്‍ഷത്തിനുശേഷം ഇത് 500 ദശലക്ഷം യൂണിറ്റാകും. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസും ചെറുകിടവ്യവസായ അസോസിയേഷന്‍ പത്തനംതിട്ടയൂം സംയുക്തമായാണു വ്യവസായശാലകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
മിച്ചവൈദ്യുതി കെ – റെയിലിനു നല്‍കും. ഹൈദരാബാദിലെ റേഡിയന്റ് സോളാര്‍ കമ്പനിയാകും സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. വൈദ്യുതി, വ്യവസായ, ധന, സഹകരണവകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1,68,807 ചെറുകിട വ്യവസായ യൂണിറ്റുകളുണ്ടെന്നാണ് 2019 വരെയുള്ള കണക്ക്. ഓരോ യൂണിറ്റിലും ശരാശരി 10 കിലോവാട്ട് ഉത്പാദിപ്പിച്ചാല്‍ ആകെ 1700 മെഗാവാട്ടിന് അടുത്ത് വൈദ്യുതി ലഭിക്കും. കെ – റെയില്‍ ആസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ മാനേജിങ് ഡയറക്ടര്‍ വി.അജിത് കുമാര്‍, സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഫാ.ഡോ.എബ്രഹാം മുളമൂട്ടില്‍, കെ.എസ്.എസ്.ഐ.എ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് മോര്‍ളി ജോസഫ്, സിസ്ട്ര ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കെ.എസ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.