തിരുവനന്തപുരം : സിൽവർ ലൈനിന്റെ ഡി.പി.ആറിൽ അവ്യക്തതയുണ്ടെന്നും പലർക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവാത്ത അവസ്ഥയുണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിൽവർ ലൈനിന്റെ കാര്യത്തിൽ സർക്കാർ പറഞ്ഞത് ബഫർ സോണിലുള്ള സ്ഥലം പോലും പണയപ്പെടുത്താനും നിർമ്മാണപ്രവർത്തനം നടത്താനും കഴിയുമെന്നാണ്. എന്നാൽ ബഫർ സോൺ കഴിഞ്ഞിട്ടും 500 മീറ്റർ ദൂരത്തിൽ മറ്റ് നിർമ്മാണങ്ങൾ നടത്തരുത് എന്നുള്ളതാണ് ഡിപിആറിലെ ഒരു ലൈനിൽ പറയുന്നത്. അക്കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. പലർക്കും നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാനാവാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്തെ വിവാദ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് വിശദീകരിച്ച് കെ – റെയിൽ അധികൃതർ രംഗത്തെത്തിയിരുന്നു. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ – റെയിൽ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. പഞ്ചായത്തിൽ പണം അടച്ചശേഷം വീടിന്റെ രണ്ടാംനില നിർമ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീട് നിർമ്മാണം തടഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ – റെയിൽ അധികൃതർ വിശദീകരണവുമായെത്തിയതും വീട് നിർമ്മാണത്തിന് അനുമതി നൽകിയതും.
സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷനോട് നേരത്തേ പറഞ്ഞിരുന്നത്. വീട് വെയ്ക്കാൻ കെ – റെയിൽ കമ്പനിയുടെ അനുമതി വാങ്ങണമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. വീട് നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സിൽവർ ലൈൻ തഹസിൽദാർക്ക് അയച്ച കത്തും പുറത്തായിരുന്നു. വീടിന്റെ രണ്ടാംനില പണിയുന്നതിനായി ഉമസ്ഥനായ സിബി പനച്ചിക്കാടാണ് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത്. സർവേ നമ്പർ ബഫർ സോണിൽ ഉൾപ്പെടുന്നതാണെന്ന് പറഞ്ഞ് സിൽവർ ലൈൻ തഹസിൽദാരെ കാണാൻ പഞ്ചായത്ത് സെക്രട്ടറി സിബിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി തന്നെ സിൽവർ ലൈൻ തഹസിൽദാർക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്.
വീട് വെയ്ക്കാൻ എൻ.ഒ.സി ആവശ്യപ്പെട്ടുകൊണ്ടുള്ള ലെറ്റർ പഞ്ചായത്ത് സെക്രട്ടറി സിബിക്ക് കൈമാറുകയും ഫെബ്രുവരി മാസത്തിൽ കോട്ടയം കളക്ടറേറ്റിലെ തഹസിൽദാരുടെ ഓഫിസിൽ ഇത് എത്തിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം പല തവണ അവിടെയെത്തിയിട്ടും വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് സിബി വെളിപ്പെടുത്തിയിരുന്നു.